കോട്ടയം: മദ്യനിരോധനം വേണമെന്ന ശിവഗിരി മഠത്തിന്റെ ആഭിപ്രായത്തിന്മേല്‍ ആരും വില കല്‍പിക്കുന്നില്ലെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നാഗമ്പടം മഹാദേവ ക്ഷേത്രത്തില്‍ ശിവഗിരി തീര്‍ഥാടന പതാക ഘോഷയാത്ര ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. മദ്യനിരോധനം വേണമെന്നു പറഞ്ഞ ബിഷപ്പുമാര്‍ വരെ ആഭിപ്രായം മാറ്റി. എന്നിട്ടും ശിവഗിരിമഠം എന്തിനാണു ഇക്കാര്യത്തില്‍ വാശിപിടിക്കുന്നതെന്നു മനസിലാക്കുന്നില്ല. കള്ളു കച്ചവടക്കാരുടെ പണം വേണ്ടായെന്നു ശ്രീനാരായണ ഗുരുദേവന്‍ പറഞ്ഞിട്ടില്ല. കള്ളു കച്ചവടക്കാരുടെ വീട്ടില്‍ താമസിക്കുകയും അവരുടെ സമ്പത്ത് വാങ്ങുകയും ചെയ്തിട്ടുണ്ട് ഗുരുദേവന്‍. മദ്യനയത്തിന്റെ പേരില്‍ ശിവഗിരിമഠത്തിനോടു എസ്എന്‍ഡിപി സഹകരിക്കുന്നില്ലെന്നു ഒരു സ്വാമിയുടെ ആഭിപ്രായം അപക്വവും വിവരമില്ലായ്മയുമാണ്. ജനങ്ങള്‍ ശിവഗിരിയില്‍ പോകുന്നതു സ്വാമിമാരെ കാണാനല്ലെന്നും മറിച്ചു ഗുരുദേവന്റെ സമാധിയില്‍ വണങ്ങുന്നതിനാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.