ജക്കാര്‍ത്ത: 162 പേരുമായി കാണാതായ എയര്‍ഏഷ്യ വിമാനത്തിന്റെ വാല് ഭാഗം തെരച്ചില്‍ സംഘം കപ്പലിലെത്തിച്ചു. എയര്‍ബാഗുകളുടെ സഹായത്തോടെയാണ് വാല്‍ഭാഗം സൈനിക കപ്പലിലെത്തിച്ചത്. കഴിഞ്ഞ ദിവസമാണ് തെരച്ചില്‍ നടത്തുന്ന മുങ്ങല്‍ വിദഗ്ധര്‍ എയര്‍ഏഷ്യ വിമാനത്തിന്റെ വാല് ഭാഗം ജാവ കടലില്‍ കണ്ടെത്തിയിരുന്നത്. അതേസമയം, വിമാനത്തിന്റെ ബ്ളാക്ക് ബോക്സിനായുള്ള തെരച്ചില്‍ തുടരുകയാണ്. അപകടത്തില്‍ ബ്ളാക്ക് ബോക്സ് വിമാനത്തില്‍ നിന്ന് വേര്‍പെട്ടിരിക്കാമെന്നാണ് ഇന്തോനേഷ്യന്‍ അധികൃതരുടെ നിഗമനം. ബ്ളാക്ക് ബോക്സ് കണ്ടെത്തിയാല്‍ മാത്രമേ വിമാനം അപകടത്തില്‍പെട്ടതിന്റെ ശരിയായ കാരണം വ്യക്തമാകുകയുള്ളു. വിമാനത്തിന്റെ ബ്ളാക് ബോക്സ് കണ്ടെത്തുന്നതിനായി പ്രത്യേക ഉപകരണങ്ങള്‍ തെരച്ചില്‍ മേഖലയില്‍ എത്തിച്ചിട്ടുണ്ട്. ഇതുവരെ 48 മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെണ്ടത്താനായത്. ശേഷിച്ച മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഡിസംബര്‍ 28 നാണ് 162 പേരുമായി ഇന്തോനേഷ്യയിലെ സുരബായയില്‍ നിന്നും സിംഗപ്പൂരിലേക്ക് തിരിച്ച എയര്‍ഏഷ്യ വിമാനം പറന്നുയര്‍ന്ന് ഒരു മണിക്കൂറിനകം കടലില്‍ തകര്‍ന്നു വീണത്.