ജക്കാര്‍ത്ത: ഇന്നലെ കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇത് വിമാനത്തിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. അവശിഷ്ടങ്ങള്‍ എയര്‍ ഏഷ്യ വിമാനത്തിന്റേതാകാമെന്ന് ഇന്തോനേഷ്യന്‍ അധികൃതര്‍ അറിയിച്ചു.
വിമാനത്തില്‍ നിന്ന് സിഗ്‌നല്‍ ലഭ്യമാകാതിരുന്ന സ്ഥലത്ത് നിന്ന് 700 മൈല്‍ അകലെ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് ജക്കാര്‍ത്ത വ്യോമസേനാ മേധാവി അറിയിച്ചു. ഈ പ്രദേശത്ത് തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.
യാത്രക്കിടെ ജാവ കടലിടുക്കിന് മുകളിലൂടെ പറക്കുമ്പോഴാണ് വിമാനം കാണാതായത്. വിമാനം കടലില്‍ തകര്‍ന്ന് വീണ് അടിത്തട്ടില്‍ പതിച്ചിരിക്കാമെന്ന് ഇന്തോനേഷ്യന്‍ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സുരബായയില്‍ നിന്ന് പുറപ്പെട്ട QZ 8501 വിമാനമാണ് കാണാതായത്. ജീവനക്കാരടക്കം 162 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.