വാഷിംഗ്ടണ്‍: ഏവരും ആകാംക്ഷയോടെ കാത്തിരുന്ന വിന്‍ഡോസ് 10 ഒട്ടേറെ ഈമാസം 29ന് വിപണിയിലെത്തും. പുതിയ ഓപറേറ്റിംഗ് സിസ്റ്റത്തെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ മൈക്രോസോഫ്റ്റ് ബ്‌ളോഗിലൂടെ പുറത്തുവിട്ടു.
190 രാജ്യങ്ങളിലേക്കായി 111 ഭാഷകളില്‍ ഒരേസമയമിറങ്ങുന്ന വിന്‍ഡോസ് 10 ഒഎസിന് ഏഴ് വ്യത്യസ്ത എഡിഷനുകളുണ്ടാകും. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ ഐ.ടി. വിദഗ്ധര്‍ വരെ, വ്യത്യസ്ത വിഭാഗങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ പാകത്തിലുള്ളതാണ് ഏഴു പതിപ്പുകള്‍.
സ്മാര്‍ട്‌ഫോണ്‍ മുതല്‍ എ.ടി.എം മെഷീനിലും ഹോളോലെന്‍സിലും വരെ വിന്‍ഡോസ് 10 പതിപ്പുകള്‍ പ്രവര്‍ത്തിക്കും. ഉപഭോക്താക്കളുടെ സമ്പൂര്‍ണ ആവശ്യങ്ങള്‍ക്കുതകുന്ന ഒഎസ് ആണ് വിന്‍ഡോസ് 10 എന്ന് മൈക്രോസോഫ്റ്റ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ടെറി മയേഴ്‌സണ്‍ വ്യക്തമാക്കി.
വിന്‍ഡോസ് 10 ഹോം പതിപ്പ് ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പുകള്‍, ടാബ്‌ലറ്റുകള്‍, ലാപ്പും ടാപ്പും കൂടിച്ചേരുന്ന ഹൈബ്രിഡ് ഡിവൈസുകള്‍ എന്നിവയ്ക്ക് വേണ്ടി നിര്‍മിച്ചതാണ്. വിന്‍ഡോസ് 10 മൊബൈല്‍ എഡിഷന്‍ സ്മാര്‍ട്‌ഫോണുകള്‍ക്കും ചെറിയ സ്‌ക്രീനുള്ള ടാബ്‌ലറ്റുകള്‍ക്കുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു.
വിന്‍ഡോസ് 10 ഹോമിലുള്ള സംവിധാനങ്ങളെല്ലാം ഇതിലുണ്ട്. ഒപ്പം ടച്ച് സംവിധാനത്തിലുള്ള ഓഫീസ് വേര്‍ഷനുമുണ്ട്. വിന്‍ഡോസ് 10 പ്രോ എഡിഷന്‍ വിന്‍ഡോസ് 10 ഹോമിന്റെ പ്രൊഫഷണല്‍ വേര്‍ഷനാണ്. പഴ്‌സണല്‍ കമ്പ്യൂട്ടറുകളിലും ടാബ്‌ലറ്റുകളിലും ഹൈബ്രിഡ് ഡിവൈസുകളിലും പ്രവര്‍ത്തിപ്പിക്കാം. ചെറുകിട ബിസിനസുകാര്‍ക്കുള്ളതാണിത്.
വിന്‍ഡോസ് 10 എന്റര്‍പ്രൈസസ് എഡിഷന്‍ ഇടത്തരം, വന്‍കിട സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. കമ്പനിയെക്കുറിച്ചുള്ള വിവരങ്ങള്‍, ജീവനക്കാരുടെ ലോഗിന്‍, നെറ്റ്‌വര്‍ക്ക് ശൃംഖലയിലേക്ക് കണക്ട് ചെയ്യപ്പെടുന്ന ഉപകരണങ്ങളുടെ സുരക്ഷാപ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഈ പതിപ്പിന് കൈകാര്യം ചെയ്യാനാകും.
വിന്‍ഡോസ് 10 മൊബൈല്‍ എന്റര്‍പ്രൈസ് എഡിഷന്‍ മൊബൈലില്‍ ബിസിനസ് നടത്തുന്നവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് തയ്യാറാക്കിയിരിക്കുന്നു. മികച്ച പ്രവര്‍ത്തനക്ഷമതയും സുരക്ഷിതത്വവും പ്രത്യേകതകളാണ്. വിന്‍ഡോസ് 10 ഐ.ഒ.ടി കോര്‍ എഡിഷന്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാവുന്ന എല്ലാ ഗാഡ്ജറ്റുകള്‍ക്കുമായി ഡിസൈന്‍ ചെയ്തതാണ്.
വിന്‍ഡോസ് 10 എജ്യൂക്കേഷന്‍ എഡിഷന്‍ വിദ്യാലയങ്ങള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ്. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം ഒരേസമയം ലോഗിന്‍ ചെയ്യാം.
പഴ്‌സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റായ കോര്‍ട്ടാനയുടെ സേവനം, മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ എഡ്ജ് ബ്രൗസര്‍, വിന്‍ഡോസ് ഹലോ ഫേസ് റെക്കഗ്‌നിഷന്‍, ബയോമെട്രിക് ലോഗിന്‍ സംവിധാനം, വിന്‍ഡോസ് ആപ്ലിക്കേഷനുകളായ ഫോട്ടോസ്, മാപ്‌സ്, മെയില്‍, കലണ്ടര്‍, മ്യൂസിക്, വീഡിയോ എന്നിവയെല്ലാം വിന്‍ഡോസ് 10 ഹോമിലുണ്ട്. വലിയ സ്‌ക്രീനിലേക്ക് കണക്ട് ചെയ്താല്‍ സ്മാര്‍ട്‌ഫോണ്‍ പഴ്‌സണല്‍ കമ്പ്യൂട്ടര്‍ പോലെ പ്രവര്‍ത്തിപ്പിക്കാന്‍ വിന്‍ഡോസ് 10 മൊബൈല്‍ ഒഎസിനാവും.
അതേസമയം, പുതിയ പതിപ്പ് വിപണിയില്‍ വരുന്നതിനൊപ്പം വ്യാജന്മാര്‍ക്കെതിരെയും മൈക്രോസോഫ്റ്റ് പണിയാരംഭിച്ചു. വിന്‍ഡോസ് 10 ലേക്ക് സൗജന്യ അപ്‌ഗ്രേഡ് ലഭിക്കും എന്ന സ്റ്റാറ്റസ് മെസേജ് നിലവിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ അയച്ചാണ് പരീക്ഷണം. ഇതില്‍ ക്ലിക്ക് ചെയ്ത് സൈന്‍അപ്പ് പൂര്‍ത്തിയാക്കുമ്പോള്‍ വിവരമറിയിക്കാം എന്ന ഇമെയില്‍ കിട്ടും.
അംഗീകൃത കോപ്പി ഉപയോഗിക്കാത്ത കമ്പ്യൂട്ടറുകളിലാണെങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ‘നിങ്ങളുടെ വിന്‍ഡോസ് പതിപ്പ് വ്യാജമാണ്’എന്ന സന്ദേശം വരും. തുടര്‍ന്നുള്ള അപ്‌ഡേറ്റുകള്‍ നിഷേധിക്കപ്പെടുകയും ഓപ്പറേറ്റിംഗ് സിസ്റ്റം പതിയെ പണി മുടക്കുകയും ചെയ്യുന്ന രീതിയാണ് മൈക്രോസോഫ്റ്റ് പരീക്ഷിക്കുന്നത്.