ഇസ്മയില്‍ പിന്മാറി; കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറി

കോട്ടയം: കാനം രാജേന്ദ്രനെ സിപിഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. അവസാന നിമിഷം കെ.ഇ ഇസ്മയില്‍ പിന്മാറിയതിനാല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നില്ല. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഇസ്മയില്‍ പിന്മാറിയത്. പന്ന്യന്‍ രവീന്ദ്രന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. സെക്രട്ടറി സ്ഥാനത്തേക്ക് കാനം രാജേന്ദ്രനെ പന്ന്യന്‍ രവീന്ദ്രന്‍ പിന്തുണച്ചു.

ചരിത്രത്തില്‍ ആദ്യമായി സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉണ്ടാകുമെന്ന് അവസാന നിമിഷംവരെ പ്രതീതിയുണ്ടാക്കിയ ശേഷമാണ് ഇസ്മയില്‍ നാടകീയമായി പിന്‍മാറിയത്. 89 അംഗ സംസ്ഥാന കൗണ്‍സില്‍ 56 പേരുടെ പിന്തുണ കാനത്തിനുണ്ടായിരുന്നു. ദേശീയ നേതൃത്വത്തിന്റെ ഇടപെടലും കാനത്തിന് അനുകൂലമായി. കഴിഞ്ഞ തവണ സി.കെ ചന്ദ്രപ്പന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന സെക്രട്ടറി സ്ഥാനത്തേക്ക് കാനവും ഇസ്മയിലും തമ്മില്‍ മത്സരം വന്നിരുന്നു. എന്നാല്‍ അന്ന് സമവായത്തെ തുടര്‍ന്ന് പന്ന്യന്‍ രവീന്ദ്രനെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു.

Top