കാനഡയില്‍ ഇന്ത്യന്‍ വംശജനായ പ്രതിരോധമന്ത്രിക്കെതിരേ വംശീയാധിക്ഷേപം

ടൊറന്റോ: ഇന്ത്യന്‍ വംശജനായ കാനഡ പ്രതിരോധമന്ത്രിക്കെതിരേ വംശീയാധിക്ഷേപം. കഴിഞ്ഞ ആഴ്ച ഭരണമേറ്റെടുത്ത സിഖ് വംശജനായ ഹര്‍ജിത് സജനെയാണ് സോഷ്യല്‍ മീഡിയയിലൂടെ സൈനികന്‍ അധിക്ഷേപിച്ചത്. ഫ്രഞ്ച് ഭാഷയിലായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്. സംഭവം വിവാദമായതോടെ മിനിറ്റുകള്‍ക്കകം പോസ്റ്റ് പിന്‍വലിച്ചിരുന്നു.

ഹര്‍ജിത് സജന്റെ ചെറുപ്പകാലത്തു കുടുംബം കാനഡയില്‍ കുടിയേറിയതാണ്. സജന്റെ വംശത്തെ അപമാനിക്കുന്ന രീതിയിലുള്ള പോസ്റ്റാണു ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതെന്നാണു റിപ്പോര്‍ട്ട്. പോസ്റ്റിട്ട സൈനികന്‍ ആരെന്നോ എന്തായിരുന്നു പരാമര്‍ശമെന്നോ വ്യക്തമാക്കാന്‍ സൈനിക വൃത്തങ്ങള്‍ തയാറായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായി സേനാവക്താവ് അറിയിച്ചു.

സംഭവത്തെത്തുടര്‍ന്ന് സൈനിക വൃത്തങ്ങള്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. സേനയുടെ ഭാഗത്തുനിന്നുമുള്ള ഇത്തരം പരാമര്‍ശങ്ങള്‍ അനുവദിക്കുന്നതല്ല. വംശീയ മനോഭാവം വച്ചുപുലര്‍ത്തുന്നത് സൈനികരുടെ സ്വഭാവത്തിനു ചേര്‍ന്നതല്ലെന്നും അതു സൈനികസേവനത്തെ തന്നെ പ്രതികൂലമായ് ബാധിക്കുമെന്നും പ്രസ്താവനയിലുണ്ട്.

സിഖ് വംശജനായ ഹര്‍ജിത് സജ്ജന്‍ വന്‍കൂവെര്‍ സൗത്തില്‍ നിന്നാണു തിരഞ്ഞെടുക്കപ്പെട്ടത്. മുന്‍പൊലീസ് ഉദ്യോഗസ്ഥനും കനേഡിയന്‍ സായുധസേനയിലെ ലെഫ്റ്റനന്റ് കേണലുമായിരുന്നു അദ്ദേഹം.

Top