കാന്തന് ദ ലവര് ഓഫ് കളര്‍ എന്ന ടാഗ്ലൈനോടുകൂടി വയനാട്ടിലെ അടിയാന് വിഭാഗം ആദിവാസികളുടെ കഥയുമായി ഒരു സിനിമ വരുന്നു.
സാമൂഹ്യപ്രവര്‍ത്തകയും ദളിത്/ആദിവാസി സംരക്ഷണത്തിന് ജീവിതം സമര്‍പ്പിക്കുകയും ചെയ്ത ദയാബായി മുത്തശ്ശിയായി വേഷമിടുന്ന ചിത്രത്തില്‍ വയനാടിലെ അടിയാന് വിഭാഗത്തില്‍പ്പെട്ടവരും അഭിനയിക്കുന്നുണ്ട്.
പ്രിയനന്ദനന് സംവിധാനം ചെയ്ത ഞാന്‍ നിന്നോടു കൂടെയുണ്ടെന്ന ചിത്രത്തിലും ദയാബായി മുഖം കാണിച്ചിരുന്നു.
ആത്മഹത്യചെയ്യേണ്ടി വരുന്ന കര്‍ഷകന്റെ മകനായ കാന്തന് എന്ന പന്ത്രണ്ടുവയസുകാരന്റെയും അവനെ വളര്‍ത്തുന്ന എഴുപത് കഴിഞ്ഞ മുത്തശ്ശിയുടെയും കഥയാണ് കാന്തന് സിനിമയെന്ന് സംവിധായകന് ഷെരീഫ് ഈസ പറഞ്ഞു.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം 90 മിനുട്ട് ദൈര്‍ഘ്യമുള്ള സിനിമയില്‍ നിറഞ്ഞുനില്‍ക്കുമെന്നും സംവിധായകന് പറഞ്ഞു. റോളിംഗ്പിക്സ് എന്റര്‍ടെയിനിന്റെ ബാനറില്‍ സൗഹൃദ സിനിമാ കൂട്ടമാണ് സിനിമ നിര്‍മ്മിക്കുന്നത്.
കഥാകൃത്ത് പ്രമോദ് കൂവേരി കഥയും തിരക്കഥയും സംഭാഷണവും രചിച്ച ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത് പ്രിയനാണ്. പത്ത് ലക്ഷം ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം ഓണത്തോടു കൂടി തിയേറ്റുകളിലെത്തും.
സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം കഴിഞ്ഞ ദിവസം മന്ത്രി ഇ. ചന്ദ്രശേഖരന് കണ്ണൂരില്‍ നിര്‍വഹിച്ചു. സിനിമയുടെ ചിത്രീകരണം അടുത്തമാസം കണ്ണൂരിലും വയനാട്ടിലെ തിരുനെല്ലിയിലും പരിസരപ്രദേശങ്ങളിലുമായി നടക്കും.
അടിയാന് വിഭാഗത്തിന്റെ സ്വന്തം ഭാഷതന്നെയാണ് ചിത്രത്തിലും ഉപയോഗിക്കുക. ആദ്യമദ്ധ്യാന്തത്തിലൂടെ പ്രശസ്തനായ മാസ്റ്റര്‍ പ്രജിത്ത് ആണ് കാന്തനായി വേഷമിടുന്നത്.