കാന്‍ഡി ഏകദിനം; ഇന്ത്യക്കെതിരെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക

കാന്‍ഡി: ഇന്ത്യ – ശ്രീലങ്ക മൂന്നാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്കക്ക് മോശം തുടക്കം.

30 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിലപ്പെട്ട വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായത്.

ആദ്യ രണ്ട് മത്സരങ്ങളും തിളങ്ങിയ ഡിക്‌വെല്ലയാണ് ആദ്യം മടങ്ങിയത്. 13 റണ്‍സെടുത്ത താരത്തെ ഭുംറ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

ഒരു റണ്‍സെടുത്ത മെന്‍ഡിസിനെ രണ്ടാം സ്ലിപ്പില്‍ രോഹിത് ശര്‍മ പറന്നു പിടിച്ചു.

ടെസ്റ്റില്‍ സമ്പൂര്‍ണജയം സ്വന്തമാക്കിയ വിരാട് കൊഹ്‍ലിക്കും കൂട്ടര്‍ക്കും ഏകദിന പരമ്പര നേടാനുളള സുവര്‍ണാവസരമാണ്.

ആദ്യ എകദിനത്തില്‍ ഒമ്പത് വിക്കറ്റ് ജയം സ്വന്തമാക്കിയ ഇന്ത്യ തോല്‍വിയുറപ്പിച്ച രണ്ടാം മത്സരത്തില്‍ അവിശ്വസനീയമായ തിരിച്ചുവരവാണ് നടത്തിയത്.

മഹേന്ദ്രസിങ് ധോണിയും ഭുവനേശ്വര്‍കുമാറും നടത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യക്ക് മൂന്ന് വിക്കറ്റ് ജയം സമ്മാനിച്ചത്.

ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും മികച്ച തുടക്കം നല്‍കുമെന്നാണ് പ്രതീക്ഷ. ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹാല്‍, അക്ഷര്‍ പട്ടേല്‍ എന്നിവരുടെ ബൌളിങ് മികവിനെ പ്രതിരോധിക്കുക ലങ്കക്ക് ശ്രമകരമാണ്. ഒരു സ്റ്റമ്പിങ് കൂടി നടത്തിയാല്‍ ഏറ്റവുമധികം സ്റ്റമ്പിങ് നടത്തിയെന്ന റെക്കോര്‍ഡ് ധോണിക്ക് സ്വന്തമാകും.

ആതിഥേയരായ ലങ്കക്ക് പരമ്പര പിടിക്കണമെങ്കില്‍ ഇനിയുളള മൂന്ന് മത്സരങ്ങളിലും ജയിച്ചേ തീരൂ. മികച്ച തുടക്കം കിട്ടിയിട്ടും മധ്യനിര തകരുന്നതാണ് ആതിഥേയര്‍ക്ക് വിനയാകുന്നത്.

കഴിഞ്ഞ ഏകദിനത്തില്‍ ആറ് വിക്കറ്റെടുത്ത അഖില ധനഞ്ജയയുടെ സ്പിന്‍ മികവാണ് ടീമിന്റെ കരുത്ത്. ലസിത് മലിങ്കയും ഫെര്‍ണാണ്ടോയും ഉള്‍പ്പെട്ട പേസര്‍മാര്‍ താളം വീണ്ടെടുത്തില്ലെങ്കില്‍ ടെസ്റ്റിന് പിന്നാലെ ഏകദിന പരമ്പരയും ലങ്കക്ക് നഷ്ടമാകും.

Top