പ്രണവ് മോഹന്‍ലാല്‍ ഇനി കാമറയ്ക്ക് മുന്നിലേക്ക്. ജീത്തു ജോസഫിന്റെ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന പ്രണവ് അടുത്തതായി ഒരു ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം.
ഫ്രൈഡേ, തീവ്രം, ആമേന്‍, സക്കറിയായുടെ ഗര്‍ഭിണികള്‍, ബാംഗ്ലൂര്‍ ഡേയ്സ്, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച സജിദ് യാഹിയ ആദ്യമായി സംവിധാനം ചെയ്യുന്ന ഐ.ഡി.ഐ (ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹിം) എന്ന ചിത്രത്തിലൂടെയാണ് താരപുത്രന് നായകനായി വീണ്ടും സിനിമയിലെത്തുന്നത്. അഭിനയരംഗത്ത് നിന്നും വിട്ടു നിന്നിരുന്ന പ്രണവിന് ചിത്രത്തിലെ വേഷം വളരെ ഇഷ്ടപ്പെട്ടെന്നും അതിനാലാണ് ഈ വേഷം ചെയ്യാന്‍ തയ്യാറായതെന്നും പ്രണവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
ഒരു പൊലീസ് ഉദ്യോഗസ്ഥന് കൊണ്ടു നടക്കാന്‍ പറ്റുന്നൊരു പേരല്ല ദാവൂദ് ഇബ്രാഹിം എന്നത്. ഇതേ ചുറ്റിപ്പറ്റിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. രസകരമായ ട്വിസ്റ്റുകളുള്ള ഈ ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങളും ഉണ്ടാകുമെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ സംവിധായകന് പറഞ്ഞു. ലിജോ ജോസ് സംവിധാനം ചെയ്യുന്ന ഡബിള്‍ ബാരലിലാണ് സാജിദ് യാഹിയ അവസാനമായി അഭിനയിച്ചത്.
2002ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പ്രണവ് വെള്ളിവെളിച്ചത്തിലെത്തിയത്. അതേ വര്‍ഷം മേജര്‍ രവി സംവിധാനം ചെയ്ത ‘പുനര്‍ജനി’ എന്ന ചിത്രത്തിലൂടെ മികച്ച ബാലനടനുള്ള സംസ്ഥാന അവാര്‍ഡും പ്രണവിന് ലഭിച്ചിട്ടുണ്ട്.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ലൈഫ് ഓഫ് ജോസൂട്ടി എന്ന ദിലീപ് ചിത്രത്തില്‍ സഹസംവിധായകനാണ് പ്രണവ്. ജിത്തുവിന്റെ തന്നെ ദൃശ്യത്തിന്റെ തമിഴ് പതിപ്പായ ‘പാപനാശ’ത്തിലും സഹസംവിധായകനായി പ്രണവ് പ്രവര്‍ത്തിച്ചിരുന്നു. പ്രണവിന്റെ രണ്ടാം ഇന്നിംഗ്സിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.