കഴക്കൂട്ടം: തിരുവനന്തപുരം ശ്രീകാര്യം എന്‍ജിനിയറിങ് കോളേജ് കാമ്പസ് ഗ്രൗണ്ടില്‍ ജീപ്പിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു.
അപകടമുണ്ടാക്കിയെന്ന് കരുതുന്ന ജീപ്പ് ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. ജീപ്പിലുണ്ടായിരുന്നവര്‍ മദ്യ ലഹരിയിലായിരുന്നുവെന്നാരോപിച്ച് വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
സംഭവത്തില്‍ വധശ്രമത്തിന് കേസെടുക്കും. മെഡിക്കല്‍ കോളജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കായിരിക്കും അന്വേഷണത്തിന്റെ ചുമതല. ഇന്നലെയാണ് ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലി കാണുന്നതിനെത്തിയ സിവില്‍ എന്‍ജിനീയറിങ് ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി തന്‍സി ബഷീറിനെയാണ് കാറിടിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ തന്‍സി ഇപ്പോള്‍ വെന്റിലേറ്ററിലാണ്.
സംഭവം നടന്ന സമയത്ത് പരിക്ക് ഗുരുതരമാണെന്ന് കരുതിയിരുന്നില്ല. അതുകൊണ്ടാണ് വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ അറിയിക്കാതിരുന്നതെന്നാണ് പ്രിന്‍സിപ്പിലിന്റെ വിശദീകരണം. എന്നാല്‍ സ്‌കാന്‍ ചെയ്തപ്പോള്‍ നില ഗുരുതരമാണെന്ന് മനസ്സിലായതിനേത്തുടര്‍ന്ന് രാത്രി പോലീസില്‍ വിവരമറിയിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനെ ഏല്‍പിക്കുമെന്ന് സിഇടി പ്രിന്‍സിപ്പല്‍ അറിയിച്ചു. മനപ്പൂര്‍വമുണ്ടാക്കിയ അപകടമെന്നു കരുതുന്നില്ല. വാഹനനിരോധനം ഉള്ളപ്പോഴാണ് ജീപ്പ് അകത്തുകടത്തിയത്. തടയുന്നതിന് മുമ്പേ അപകടമുണ്ടായിയെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
അതേസമയം, അപകടത്തിനിടയാക്കിയ ജീപ്പ് മൂവാറ്റുപുഴ സ്വദേശിയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രേഖകള്‍ കൈവശമില്ലാത്തതിന് മുന്‍പ് രണ്ടു തവണ കസ്റ്റഡിയിലെടുത്തിട്ടുള്ളതാണ് ഈ ജീപ്പെന്നാണ് വിവരം. കാലങ്ങളായി എന്‍ജിനിയറിങ് വിദ്യാര്‍ഥികളാണ് ഇതുപയോഗിക്കുന്നത്.