തിരുവനന്തപുരം: സായിയില്‍ ജീവനൊടുക്കിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കായിക സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ രാത്രിയാണ് വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ആലപ്പുഴ സായ് സെന്ററിലെ നാല് തുഴച്ചില്‍ വിദ്യാര്‍ത്ഥിനികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. ഇതില്‍ ഒരാള്‍ മരിച്ചു. മറ്റു മൂന്ന് പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആര്യാട് സ്വദേശി അപര്‍ണ രാമചന്ദ്രനാണ് മരിച്ചത്. ശില്‍പ്പ, ട്രീസ, സബിത സന്തോഷ് എന്നിവരാണ് ഗുരുതരാവസ്ഥയിലുള്ളത്.
പരിശീലകന്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാരോപിച്ചാണ് ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരിച്ച അപര്‍ണയെ പരിശീലകന്‍ തുഴ കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായും ആരോപണമുണ്ട്.