തിരുവനന്തപുരം: ജി.കാര്‍ത്തികേയന് അരുവിക്കരയിലെ ജനങ്ങള്‍ നല്‍കിയ ആദരാഞ്ജലിയാണ് ഈ വിജയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിജയത്തിന് പിന്നിലെ പ്രധാന ഘടകം യുഡിഎഫിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിജയം യുഡിഎഫിനു മേല്‍ വലിയ ഉത്തരവാദിത്വമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഈ ഉത്തരവാദിത്വം ഏറ്റെടുത്തു മുന്നോട്ടുപോയാല്‍ കേരളത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ചു ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന സൂചനകളാണ് തരുന്നത്. യുഡിഎഫ് കൂടുതല്‍ ഐക്യത്തോടെ മുന്നോട്ടുപോകുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
ശബരീനാഥിന് അഭിനന്ദനമറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
യുഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പെന്ന് താന്‍ നേരത്തേ പറഞ്ഞിരുന്നു. ചെറിയ ഭൂരിപക്ഷത്തിലാണ് തന്റെ സര്‍ക്കാര്‍ ഭരണം തുടങ്ങിയത്. ഇതുവരെ ഒരു മന്ത്രിയേയും തള്ളിപ്പറയേണ്ടി വന്നിട്ടില്ല. എല്ലാം പരസ്പരം ചര്‍ച്ച ചെയ്താണ് മുന്നോട്ടു നീങ്ങിയത്.
മദ്യമൊഴുക്കിയാണ് അരുവിക്കരയില്‍ ജയിച്ചുകയറിയതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണ്. എല്ലാം ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.