സ്മാര്‍ട്‌ഫോണും കംപ്യൂട്ടറും വിപണിയില്‍ എത്തിച്ച ശേഷം ആപ്പിള്‍ ഇനി ഇലക്ട്രിക് കാര്‍ നിരത്തിലിറക്കാനുള്ള തയാറെടുപ്പിലെന്ന് പുതിയ വാര്‍ത്ത. രഹസ്യമായാണ് ഇലക്ട്രിക് കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. വാള്‍ സ്ട്രീറ്റ് ജേണലാണ് വാര്‍ത്ത പുറത്തുവിട്ടത്.
മിനിവാനിന് സദൃശമായ വാഹനം ആപ്പിള്‍ നിര്‍മിക്കുന്നതായാണ് വിവരം. എന്നാല്‍ ഇതു കാര്‍ തന്നെയാണോ എന്നുറപ്പില്ലെന്നും വാള്‍ സ്ട്രീറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനത്തിന്റ രൂപരേഖമാത്രമേ തയാറായിട്ടുള്ളൂവെന്നും പദ്ധതി പൂര്‍ത്തിയായി ആദ്യ വാഹനം നിരത്തിലെത്താന്‍ വര്‍ഷങ്ങളെടുക്കുമെന്നുമാണ് വിവരം.
ആപ്പിളിന് വാഹനവിപണിയില്‍ കണ്ണുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. മെഴ്‌സിഡസ് ബെന്‍സിന്റെ ഗവേഷണ വിഭാഗം മേധാവിയായിരുന്ന യോഹാന്‍ ജംഗ്‌വിര്‍ത്ത് ആപ്പിളില്‍ ചേര്‍ന്നെന്ന വിവരവും അടുത്തകാലത്ത് പുറത്തുവന്നിരുന്നു. യോഹാന്‍ ഇപ്പോള്‍ ആപ്പിളിന്റെ രഹസ്യ പരീക്ഷണശാലയില്‍ വാഹനനിര്‍മാണ സംഘത്തെ നയിക്കുകയാണെന്നാണ് പുതിയ വിവരം.
കഴിഞ്ഞ വര്‍ഷമാണ് ഈ പരീക്ഷണശാല തുറന്നത്. സ്മാര്‍ട്ട് വാച്ചിന്റെയും പുതിയ ഐഫോണിന്റെയും രംഗപ്രവേശത്തിന് ശേഷം ആപ്പിള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും വാഹനനിര്‍മാണത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ടൈറ്റാന്‍ എന്നാണ് വാഹനനിര്‍മാണ പദ്ധതിക്ക് ആപ്പിള്‍ പേരിട്ടിരിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസും റിപ്പോര്‍ട്ട് ചെയ്യുന്നു.