ബാഴ്‌സലോണ: സ്‌പെയിനിലെ കാറ്റലോണിയ പ്രവിശ്യയിലെ പ്രാദേശിക പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യവാദികള്‍ക്കു വിജയം. 99 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 135 അംഗ സഭയില്‍ 72 സീറ്റ് നേടിയാണ് സ്വാതന്ത്ര്യവാദികള്‍ വിജയം ഉറപ്പിച്ചത്.
വിജയിച്ചാല്‍ 18 മാസത്തിനകം സ്വാതന്ത്ര്യ പ്രഖ്യാപനമെന്നാണ് സ്വാതന്ത്ര്യവാദികളുടെ വാഗ്ദാനം. സ്‌പെയിനില്‍നിന്ന് വിട്ടുപോരുന്നതിനെ അനുകൂലിക്കുന്ന സ്വാതന്ത്ര്യവാദികളുടെ നേതാവായി പരിഗണിക്കപ്പെടുന്ന ആര്‍തര്‍ മാസിന്റെ കണ്‍വെര്‍ജന്‍സ് പാര്‍ട്ടിയും എസ്‌ക്വറ റിപ്പബ്ലിക്കാനയും ചേര്‍ന്നാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
കാറ്റലോണിയയില്‍ 55 ലക്ഷം സമ്മതിദായകരാണ് 2700 പോളിങ് സ്‌റ്റേഷനുകളിലായി വിധിയെഴുത്തു നടത്തിയത്.
ഹിതപരിശോധന നടത്താനുള്ള നീക്കം മാഡ്രിഡ് തടഞ്ഞതോടെയാണ് പ്രാദേശിക തെരഞ്ഞെടുപ്പിനെ ഹിതപരിശോധനക്കു തുല്യമാക്കി മാറ്റാന്‍ മാസും സംഘവും തീരുമാനിച്ചത്.
സ്വന്തം ഭാഷയും സംസ്‌കാരവുമുള്ള കാറ്റലോണിയക്ക് മാഡ്രിഡ് അര്‍ഹമായ പരിഗണന കൊടുക്കാത്തതിലുള്ള പ്രതിഷേധമാണ് സ്വാതന്ത്യവാദമുയരാന്‍ കാരണം. സാമ്പത്തിക മാന്ദ്യം നേരിട്ട കാലത്ത് കാറ്റലോണിയയെ സ്വതന്ത്രമാക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.