കാഴ്ചയുടെ പൂരത്തിന് ഇന്ന് തിരശീല വീഴും

തിരുവനന്തപുരം: 19-താമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശീലവീഴും. കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന ചടങ്ങ് വൈകുന്നേരം നാലിന് ആരംഭിക്കും. വിഖ്യാത സംവിധായകന്‍ നൂറി ബില്‍ജി സെയ്‌ലന്‍ മുഖ്യാതിഥിയായിരിക്കും.

മേളയിലെ മികച്ച ചിത്രങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ വിവിധ പുരസ്‌കാരങ്ങള്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം വിതരണം ചെയ്യും. മത്സര വിഭാഗത്തിലെ ചിത്രങ്ങള്‍ക്ക് സുവര്‍ണചകോരം അടക്കമുള്ള പുരസ്‌കാരങ്ങളാണ് നല്‍കുക. മികച്ച ചിത്രത്തിന് സുവര്‍ണ ചകോരവും മികച്ച സംവിധായകന് രജതചകോരവും ലഭിക്കും. മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡും, ഫിപ്രസി, നെറ്റ്പാക് പുരസ്‌കാരങ്ങളും ചടങ്ങില്‍ നല്‍കും. പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ്, മാധ്യമ അവാര്‍ഡുകള്‍, തിയേറ്റര്‍ അവാര്‍ഡുകള്‍ എന്നിവയും ചടങ്ങില്‍ സമ്മാനിക്കും.

സിനിമാ പ്രേമികളുടെ അഭ്യര്‍ഥനമാനിച്ച് ലോക സിനിമാ വിഭാഗത്തിലെ മികച്ച ചിത്രങ്ങളിലൊന്നായ ചിത്രമായ ‘ദി പ്രസിഡന്റ്’ ഇന്ന് വീണ്ടും പ്രദര്‍ശിപ്പിക്കും. ഇന്ന് ഉച്ചയ്ക്ക് 2.30ന് കൈരളി തിയേറ്ററിലാണ് പ്രദര്‍ശനം.

ലോകസിനിമാ വിഭാഗത്തിൽ 37 രാജ്യങ്ങളിൽ നിന്നായി 61 ചിത്രങ്ങളാണ് മേളയിൽ പ്രദർശനത്തിനെത്തിയത്. 12 വനിതാ സംവിധായകരുടെതുൾപ്പെടെ മൊത്തം 140 ചിത്രങ്ങൾ. 14 മത്സര ചിത്രങ്ങളിൽ നാലെണ്ണം ഇന്ത്യൻ സിനിമകളായിരുന്നു. ഏഴ് മലയാളചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു.

Top