ഡല്‍ഹി: കാശ്മീരിലും ജാര്‍ഖണ്ഡിലും നാളെ ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കും. ജമ്മുകശ്മീരിലെ 15 ഉം, ജാര്‍ഖണ്ഡിലെ 13ഉം മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ഇന്നലെയോടെ പരസ്യപ്രചാരണങ്ങള്‍ അവസാനിപ്പിച്ചു. ഭരണം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ഇരു സംസ്ഥാനങ്ങളിലും ബിജെപിയും കോണ്‍ഗ്രസും വാശിയേറിയ പ്രചാരണമാണ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ മുന്നില്‍ നിന്ന് നയിക്കുമ്പോള്‍, സോണിയാഗാന്ധിയാണ് കോണ്‍ഗ്രസിന്റെ മുന്നണിപോരാളി. കശ്മീരില്‍ ഒമര്‍ അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സും, മെഹബൂബ മുഫ്തിയുടെ പിഡിപിയും മല്‍സരരംഗത്ത് ശക്തമായുണ്ട്. ഭരണം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസും പിഡിപിയും ശ്രമിക്കുന്നത്.കശ്മീരില്‍ പിഡിപി നേട്ടമുണ്ടാക്കുമെന്നാണ് അഭിപ്രായ സര്‍വെ റിപ്പോര്‍ട്ടകള്‍ പറയുന്നത്. അതേസമയം മോഡി പ്രഭാവവും, സമീപകാല വിജയവും മുന്‍നിര്‍ത്തി 87 അംഗ നിയമസഭയില്‍ 44ല്‍ ഏറെ സീറ്റുകള്‍ നേടലാണ് ബിജെപിയുടെ ലക്ഷ്യം. ജാര്‍ഖണ്ഡിലെ 81 സീറ്റുകളില്‍ 13 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.