കാശ്മീര്‍: കശ്മീരില്‍ പ്രളയ ബാധയെ തുടര്‍ന്ന് വീടും സ്ഥലവും നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്നവരുടെ പുനരധിവാസം വൈകുന്നതായി പരാതി. പ്രളയമുണ്ടായി രണ്ട് മാസം പിന്നിട്ടിട്ടും ഇവര്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകള്‍ തന്നെയാണ് ശരണം. അധികൃതര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എന്നും പാലിക്കപ്പെട്ടിട്ടില്ല. കുട്ടികള്‍ വിശന്നുകരയുമ്പോള്‍ ഭക്ഷണം നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ക്യാമ്പില്‍ കഴിയുന്നവര്‍ പറയുന്നു.
സൈന്യം മെയ്ക്ക് ഷിഫ്റ്റ് ടെന്റുകള്‍ വിതരണം ചെയ്തിരുന്നെങ്കിലും പിന്നീട് ഇവ തിരിച്ചുവാങ്ങി. കൊടും തണുപ്പില്‍ കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ, തണുത്തുവിറച്ചാണ് ക്യാമ്പുകളില്‍ കഴിയുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പോലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുടക്കം വരുത്തിയിട്ടില്ലെന്നാണ് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ജിതേന്ദ്ര കുമാര്‍ സിംഗിന്റെ പ്രതികരണം.
സെപ്തംബറിലുണ്ടായ പ്രളയം കശ്മീരിലെ 2500 ഓളം ഗ്രാമങ്ങളെ ബാധിച്ചിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രി ആദ്യം 1000 കോടി രൂപയും പിന്നീട് 745 കോടി രൂപയുടെ അധികസഹായവും പ്രഖ്യാപിച്ചിരുന്നു. വീടുകളുടെ പുനര്‍നിര്‍മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായിരുന്നു പ്രധാനമന്ത്രിയുടെ സഹായം.