ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഗ്ലാമര്‍ ടീമായ കിങ്‌സ് ഇലവണ്‍ പഞ്ചാബിലും ഒത്തുകളി നടന്നതായി റിപ്പോര്‍ട്ട്. ടീം ഉടമകളില്‍ ഒരാളായ പ്രീതി സിന്റയാണ് ഇക്കാര്യം പുറത്ത് വിട്ടത്. മത്സരം തോല്‍ക്കുന്നതിനായി ടീം അംഗങ്ങളില്‍ ചിലര്‍ സംശയാസ്പദമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരുന്നതായി പ്രീതി സിന്റ ബി.സി.സി.ഐ അധികൃതരെ അറിയിച്ചു.
കഴിഞ്ഞ സീസണിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ടീമിന്റെ തോല്‍വിക്കായി ടീം അംഗങ്ങളായവര്‍ തന്നെ പ്രവൃത്തിച്ചുവെന്ന് ബി.സി.സി.ഐ അധികൃതരുമായി ഈ മാസം നടത്തിയ കൂടിക്കാഴ്ചയില്‍ പ്രീതി സിന്റ വ്യക്തമാക്കി. ഇന്ത്യന്‍ ബോര്‍ഡ്‌സ് ആന്റി കറപ്ഷന്‍ ടീമിന്റെ കൂടിക്കാഴ്ചയിലും പ്രീതിസിന്റ ഇക്കാര്യം അറിയിച്ചു.
ടീമിന്റെ ഉള്ളില്‍ പലപ്രാവശ്യം ഇത്തരം പ്രവര്‍ത്തികള്‍ താന്‍ കണ്ടിട്ടുണ്ടെന്ന് പ്രീതിസിന്റ വ്യക്തമാക്കി. പല മത്സരങ്ങളും മുന്‍ കൂട്ടി തീരുമാനിച്ച രീതിയിലാണ് നടന്നത്. പലപ്രാവശ്യം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരുങ്ങിയെങ്കിലും തെളിവുകള്‍ ഇല്ലാതിരുന്നതിനാലാണ് പ്രതികരിക്കാതിരുന്നതെന്നും പ്രീതി സിന്റ പറഞ്ഞു.
ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല, ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍, ബി.സി.സി.ഐ ട്രെഷറര്‍ അനിരുധ് ചൗധരി, മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി എന്നിവരടങ്ങിയ കൂടിക്കാഴ്ചയിലാണ് പ്രീതി സിന്റ ഇക്കാര്യങ്ങള്‍ അറിയിച്ചത്.
അതേസമയം രാജീവ് ശുക്ലയും അനുരാഗ് താക്കൂറും കിങ്‌സ് ഇലവണ്‍ പഞ്ചാബ് ടീം മാനേജ്‌മെന്റും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സെവാഗ്, മാക്‌സ്വല്‍, മില്ലര്‍, ബെയ്‌ലി തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഉണ്ടായിട്ടും കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്ത് ഇടം പിടിക്കാനേ കിങ്‌സ് ഇലവണ്‍ പഞ്ചാബിന് സാധിച്ചിരുന്നുള്ളു.