കിഴക്കന്‍ യുക്രെയ്ന്‍ മേഖലകളില്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കുന്നു

കീവ്: റഷ്യന്‍ അനുകൂലികളുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ യുക്രെയ്ന്‍ മേഖലകളില്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കുന്നു. റഷ്യന്‍ അനുകൂല പ്രദേശങ്ങള്‍ക്കുള്ളിലും പുറത്തും യാത്ര ചെയ്യാന്‍ പാസ്‌പോര്‍ട്ട് കാണിക്കണം. വിമതരും യുക്രെയ്ന്‍ സൈന്യവും തമ്മിലുള്ള ഏഴ് മാസത്തെ ശക്തമായ ഏറ്റുമുട്ടലിന് ശേഷം ആദ്യമായാണ് ഇത്തരം പാസ്‌പോര്‍ട്ട് നിയന്ത്രണം കൊണ്ടുവരുന്നത്. അതിര്‍ത്തി സുരക്ഷാ സൈനികരാണ് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കിയതായി അറിയിച്ചത്.

വിമത ശക്തി കേന്ദ്രങ്ങളിലുള്ളവര്‍ പ്രദേശത്തിനകത്തും പുറത്തും യാത്ര ചെയ്യാന്‍ പാസ്‌പോര്‍ട്ട് കാണിക്കണമെന്നാണ് സൈന്യം പ്രസ്താവനയില്‍ പറഞ്ഞത്. മേഖലയില്‍ സന്ദര്‍ശനം നടത്തുന്ന വിദേശികളെ, തങ്ങളുടെ ഉദ്ദേശ്യം വ്യക്തമാക്കിയതിന് ശേഷമേ യാത്ര അനുവദിക്കുകയുള്ളൂ. പാസ്‌പോര്‍ട്ട് കൈവശം വെക്കല്‍ നിര്‍ബന്ധമാക്കിയത് തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണെന്ന് അധികൃതര്‍ പറഞ്ഞു. നിയമം നടപ്പില്‍വരുത്തുന്ന പ്രദേശങ്ങളുടെ കൃത്യമായ വിവരം പുറത്തുവിട്ടിട്ടില്ല.

Top