കിവീസിനെ തകര്‍ത്ത് ഓസ്‌ട്രേലിയ ലോക ചാമ്പ്യന്‍മാരായി

ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ ലോകകപ്പ് ചാംപ്യന്മാരായി. അഞ്ചാം തവണയാണ് ഓസീസ് ലോകകപ്പ് സ്വന്തമാക്കുന്നത്. ഇത് രണ്ടാം തവണയാണ് ആതിഥേയരാജ്യം ലോകകപ്പ് ജേതാക്കളാകുന്നത്. 2011ല്‍ ആതിഥേയരായ ഇന്ത്യയാണ് ഇതിനു മുന്‍പ് ലോകകപ്പ് നേടിയത്.

കിവീസ് ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. മൂന്നാം വിക്കറ്റില്‍ നായകന്‍ മൈക്കിള്‍ ക്ലാര്‍ക്കും സ്റ്റീവ് സ്മിത്തും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ഓസീസിനെ വിജയത്തിലേക്കു നയിച്ചത്. ഓസീസ് ബാറ്റിങ്ങിന്റെ രണ്ടാം ഓവറിലെ നാലാം പന്തില്‍ ആരോണ്‍ ഫിഞ്ചിനെ (0) സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് ട്രെന്റ് ബോള്‍ട്ട് പുറത്താക്കി. 13ാം ഓവറില്‍ ഡേവിഡ് വാര്‍ണറെ (45) മാറ്റ് ഹെന്റി പുറത്താക്കി. വിജയത്തിന് 10 റണ്‍സ് മാത്രം അകലെ നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക് (74) പുറത്തായി. സ്റ്റീവ് സ്മിത്ത് അര്‍ധ സെഞ്ചുറി നേടി. ന്യൂസിലന്‍ഡിനു വേണ്ടി മാറ്റ് ഹെന്റി രണ്ടും ട്രെന്റ് ബോള്‍ട്ടും ഒരു വിക്കറ്റും നേടി.

Top