കൊച്ചി: ചാനലുകള്‍ കൊട്ടിഘോഷിച്ച റിമി ടോമിയുടെ കന്നി ചിത്രം പ്രേക്ഷകര്‍ക്ക് പരീക്ഷണമായി.
ഒന്നും ഒന്നും മൂന്ന് എന്ന ടി.വി ഷോയിലൂടെ പ്രേക്ഷകരുടെ മനം പിടിച്ച് പറ്റിയ റിമി ടോമിയുടെ നമ്പരുകളൊന്നും ‘തിങ്കള്‍ മുതല്‍ വെള്ളിവരെ’യില്‍ ചെലവായില്ലെന്നതാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്.
ഒരു ടി.വി ഷോയില്‍ റിമി ടോമി അവതരിപ്പിക്കുന്ന മാനറിസങ്ങള്‍ പോലും കന്നി സിനിമയില്‍ അവതരിപ്പിക്കാന്‍ റിമിക്ക് കഴിഞ്ഞില്ലെന്നതാണ് പൊതുവെയുള്ള പ്രേക്ഷക വിലയിരുത്തല്‍.
സീരിയല്‍ താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും കഥ പറയുന്ന ‘തിങ്കള്‍ മുതല്‍ വെള്ളി വരെ’ എന്ന സിനിമയില്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു കഥപോലും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം.
റിമി ടോമിയുടെ ആരാധകരായ കുടുംബ പ്രേക്ഷകര്‍ ചതിച്ചാല്‍ സിനിമ തിങ്കള്‍ മുതല്‍ വെള്ളിവരെ പോലും പല തിയറ്ററുകളിലും ഓടില്ലെന്നാണ് സിനിമാ രംഗത്തെ അണിയറ സംസാരം.
റിമിയുടെ കുസൃതികളെ ടി.വി ഷോയില്‍ ഇഷ്ടപ്പെടുന്ന കുടുംബ പ്രേക്ഷകര്‍ സിനിമയിലെ റിമിയുടെ പ്രകടനം കണ്ടാല്‍ ചൂലെടുത്താലും അത്ഭുതപ്പെടാനില്ല. ചിരിക്കാനും കരയാനും പറ്റാത്ത ഒരവസ്ഥയാണ് സിനിമയില്‍ റിമിയും നായകനായ ജയറാമും സൃഷ്ടിച്ചിട്ടുള്ളത്.
സിനിമ കണ്ടിറങ്ങുന്ന ഒരു പ്രേക്ഷകനോട് എന്താണ് സിനിമയുടെ കഥയെന്ന് ചോദിച്ചാല്‍ അവന്‍പോലും അന്തം വിടും.
ഗായികയും ചാനല്‍ അവതാരികയുമായ റിമി ടോമിയുടെ കന്നി സിനിമക്ക് ‘വലിയ പബ്ലിസിറ്റി’ നല്‍കി പ്രേക്ഷകരെ തിയറ്ററിലേക്ക് തള്ളി വിടുന്ന ചാനല്‍ അധികൃതര്‍ സിനിമ ഒന്ന് പോയി കാണാനുള്ള സാമാന്യ മര്യാദ കാണിക്കണമെന്ന അഭിപ്രായമാണ് പ്രേക്ഷകരില്‍ ഒരു വിഭാഗത്തിനുള്ളത്.
ഗാനമേളകളില്‍ ആടി തിമിര്‍ത്തും, ‘ഒന്നും ഒന്നും മൂന്നില്‍’ കുസൃതി ചോദ്യങ്ങളും പരിഹാസങ്ങളുമായി പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്ത റിമി ടോമിയുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചത് ‘ഒന്നും ഒന്നും മൂന്നെന്ന’ തെറ്റായ കണക്ക് കൂട്ടലുകള്‍ തന്നെയാണ്. ഇതാണ് ഇപ്പോള്‍ തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നത്.
പ്രമുഖ സിനിമാ നിര്‍മ്മാണ കമ്പനി നല്‍കിയ സുവര്‍ണാവസരമാണ് റിമിയും ചിത്രത്തിന്റെ സംവിധായകനും കളഞ്ഞ് കുളിച്ചത്.
അഹങ്കാരവും പരിഹാസവും കുസൃതിയുമില്ലാതെ കന്നിസിനിമയിലൂടെ പ്രേക്ഷക ലക്ഷങ്ങളുടെ മനസില്‍ കുടിയേറിയ പ്രേമം സിനിമയിലെ നായികമാരെ ഇനിയെങ്കിലും റിമി കണ്ട് പഠിക്കണം.