ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അപരാജിതകുതിപ്പ് തുടരാനുറച്ച് മുന്‍ ചാംപ്യന്മാരായ ചെല്‍സി ഇന്നു 13ാം റൗണ്ട് മല്‍സരത്തിനിറങ്ങും. 12 റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ തോല്‍വിയറിയാത്ത ഏക ടീം കൂടിയാണ് ബ്ലൂസ്. അതേസമയം, തുടക്കത്തിലേറ്റ തിരിച്ചടികളില്‍ നിന്നു കരകയറുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്നു ഹള്‍ സിറ്റിയുമായി ഏറ്റുമുട്ടും.
മറ്റു മല്‍സരങ്ങളില്‍ ആഴ്സനല്‍ വെസ്റ്റ്ബ്രോമിനെയും ആസ്റ്റന്‍വില്ല ബേണ്‍ലിയെയും ലിവര്‍പൂള്‍ സ്റ്റോക്ക് സിറ്റിയെയും ലെയ്സസ്റ്റര്‍ ക്യു.പി.ആറിനെയും സ്വാന്‍സി ക്രിസ്റ്റല്‍ പാലസിനെയും വെസ്റ്റ്ഹാം ന്യൂകാസില്‍ യുനൈറ്റഡിനെയും നേരിടും.
തുടര്‍ ജയങ്ങള്‍ ചെല്‍സിയുടെ ആത്മവിശ്വാസം വാനോളമുയര്ത്തിയിട്ടുണെ്ടങ്കിലും സണ്ടര്‍ലാന്റ് അപകടകാരികളാണ്. ചെല്‍സിക്കെതിരേ മികച്ച റെക്കോഡാണ് അവര്‍ക്കുള്ളത്. കഴിഞ്ഞ സീസണില്‍ ജോസ് മൊറീഞ്ഞോയ്ക്കു കീഴില്‍ 77 ഹോം മല്‍സരങ്ങള്‍ അപരാജിതരായി മുന്നേറുകയായിരുന്ന ചെല്‍സിയെ സണ്ടര്‍ലാന്റ് 2-1ന് അട്ടിമറിച്ചിരുന്നു. അന്നു തരംതാഴ്ത്തല്‍ ഭീഷണിയിലായിരുന്ന സണ്ടര്‍ലാന്റ് ഈ വിജയത്തോടെ നില മെച്ചപ്പെടുത്തുകയും ചെയ്തു.
അവസാന അഞ്ചു മല്‍സരങ്ങളില്‍ ചെല്‍സിയും സണ്ടര്‍ലാന്റും മുഖാമുഖം വന്നപ്പോള്‍ മൂന്നെണ്ണത്തില്‍ ചെല്‍സിയും രണെ്ടണ്ണത്തില്‍ സണ്ടര്‍ലാന്റും ജയം നേടി. കഴിഞ്ഞ സീസണില്‍ ഹോം-എവേ മല്‍സരങ്ങളില്‍ ചെല്‍സിയെ മുട്ടുകുത്തിക്കാന്‍ സണ്ടര്ലാന്റിനായിരുന്നു.
യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഷാല്‍ക്കെയെ ചെല്‍സി 5-0നു തകര്‍ത്ത കഴിഞ്ഞ മല്‍സരത്തില്‍ കാലിനു പരിക്കേറ്റതിനെത്തുടര്‍ന്ന് 66ാം മിനിറ്റില്‍ കളംവിട്ട സ്പാനിഷ് സ്ട്രൈക്കര്‍ ഡിയേഗോ കോസ്റ്റ ഇന്ന് കളിക്കുമെന്നാണ് റിപോര്‍ട്ട്. കോസ്റ്റയും സ്പാനിഷ് പ്ലേമേക്കര്‍ സെക് ഫെബ്രഗസും തമ്മിലുള്ള ഒത്തിണക്കമാണ് ഈ സീസണില്‍ ചെല്‍സിയെ കൂടുതല്‍ ശക്തരാക്കിയത്.