അഹമ്മദാബാദ്: തുള്‍സിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുറ്റാരോപിതനായ 2001 ഐ പി എസ് ബാച്ച് ഉദ്യോഗസ്ഥന്‍ വിപുല്‍ അഗര്‍വാളിന്റെ സസ്‌പെന്‍ഷന്‍ ഗുജറാത്ത് സര്‍ക്കാര്‍ പിന്‍വലിച്ചു. അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുവെന്നും ഏത് തസ്തികയിലാണ് അദ്ദേഹത്തെ പുനര്‍നിയമിക്കുകയെന്ന് നിശ്ചയിച്ചിട്ടില്ലെന്നും ഗുജറാത്ത് ഡി ജി പി. പി സി താക്കൂര്‍ അറിയിച്ചു. കേസില്‍ ബോംബേ ഹൈക്കോടതി അഗര്‍വാളിന് ഒക്‌ടോബറില്‍ ജാമ്യം അനുവദിച്ചിരുന്നു. 2010ല്‍ ഗുജറാത്ത് സി ഐ ഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് മുതല്‍ അഗര്‍വാള്‍ ജയിലായിരുന്നു. സുഹ്‌റാബുദ്ദീന്‍ ശൈഖിന്റെ ഉറ്റ സഹായിയായ തുള്‍സിറാമിനെ ഏറ്റുമുട്ടല്‍ നാടകമൊരുക്കി വധിച്ചതില്‍ പ്രധാന പങ്കുവഹിച്ചുവെന്നാണ് അഗര്‍വാളിനെതിരായ കേസ്.
2005 നവംബറിലാണ് ഗുജറാത്ത് പോലീസ് സുഹ്‌റാബുദ്ദീനെ വധിക്കുന്നത്. 2006 ഡിസംബറില്‍ തുള്‍സിറാമിനെ മറ്റൊരു ഏറ്റുമുട്ടല്‍ നാടകത്തിലും വധിച്ചു. മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ ഡി ജി വന്‍സാരയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൃത്യം നിര്‍വഹിച്ചത്. വന്‍സാര ഇപ്പോഴും ജയിലിലാണ്. 2011ല്‍ ഇരു കേസുകളും സുപ്രീം കോടതി നിര്‍ദേശപ്രകാരം സി ബി ഐക്ക് കൈമാറി. ഇരു സംഭവങ്ങളും പരസ്പര ബന്ധിതമായതിനാല്‍ സി ബി ഐ കേസുകള്‍ ഒറ്റക്കേസായി മാറ്റുകയായിരുന്നു. ബനസ്‌കന്ത ജില്ലയിലെ ഛപ്രി ഗ്രാമത്തില്‍ വെച്ചാണ് പ്രജാപതിയെ വെടിവെച്ച് കൊന്നത്. പോലീസ് കസ്റ്റഡിയില്‍ ഇരിക്കെയായിരുന്നു സംഭവം. കൃത്യം നടക്കുമ്പോള്‍ ബനസ്‌കന്ത പോലീസ് സൂപ്രണ്ട് ആയിരുന്നു അഗര്‍വാള്‍. സുഹ്‌റാബുദ്ദീന്‍ കേസിലെ മുഖ്യ സാക്ഷിയായതിനാലാണ് തുള്‍സിറാമിനെ വധിച്ചത്. സുപ്രീം കോടതി നിര്‍ദേശപ്രകാരം ഇരുകേസുകളും മുംബൈയിലേക്ക് മാറ്റുകയായിരുന്നു.