കുവൈറ്റ് : കുവൈറ്റിലെ സ്വകാര്യ വിമാനക്കമ്പനിയായ ജസീറ എയർവേസ് കൊച്ചിയിലേക്ക് നേരിട്ട് സർവീസ് നടത്താൻ ഒരുങ്ങുന്നു. ജനുവരി 15നാണ് സർവീസ് ആരംഭിക്കുന്നത്. നിലവിൽ മറ്റ് വിമാന കമ്പനികൾ ഈടാക്കുന്നതിനേക്കാൾ 20 മുതൽ 30 വരെ ശതമാനം കുറഞ്ഞ നിരക്കിൽ യാത്രസൗകര്യമൊരുക്കുമെന്ന് കമ്പനി സി.ഇ.ഒ രോഹിത് രാമചന്ദ്രൻ അറിയിച്ചു.
34 ദീനാർ മുതൽ ടിക്കറ്റ് നിരക്ക് ഇൗടാക്കുന്ന ബജറ്റ് സർവീസ് കുവൈത്തിലെ പ്രവാസി മലയാളികൾക്ക് ഏറെ ആശ്വാസകരമാവും. തുടക്കത്തിൽ ആഴ്ചയിൽ നാലു ദിവസമാണ് സർവീസ് നടത്തുക. എന്നാൽ അധികം താമസിക്കാതെ പ്രതിദിന സർവീസ് നടത്താൻ കഴിയുമെന്ന് രോഹിത് കൂട്ടിച്ചേർത്തു.
വൈകീട്ട് എട്ടുമണിക്ക് കുവൈറ്റിൽനിന്ന് പുറപ്പെടുകയും പുലർച്ച 12.30ന് തിരിച്ചെത്തുകയും ചെയ്യുന്ന വിധത്തിലാണ് കൊച്ചി സർവീസ് ക്രമീകരിച്ചിട്ടുള്ളത്. ഇതുമൂലം പ്രവൃത്തി ദിവസങ്ങൾ നഷ്ടപ്പെടുത്താതെ യാത്രക്കാർക്ക് കുവൈത്തിലേക്കും തിരിച്ചും യാത്ര ചെയ്യാൻ കഴിയും.
ബിസിനസ് ക്ലാസ് യാത്രക്കാർക്ക് 40 കിലോയും , ഇക്കോണമി യാത്രക്കാർക്ക് 30 കിലോയും കൊണ്ടുപോകാനുള്ള അനുവാദമുണ്ട്. ജസീറയുടെ നവീകരിച്ച എയർബസ് A320 എയർ ക്രാഫ്റ്റുകൾ ആണ് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസുകൾ നടത്തുക.