കൂട്ട വന്ധ്യംകരണ ശസ്ത്രക്രിയ: രാഷ്ട്രപതിക്കു കോണ്‍ഗ്രസ് പരാതി നല്‍കും

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ 14 സ്ത്രീകളുടെ മരണത്തിനിടയാക്കിയ കൂട്ട വന്ധ്യംകരണ ശസ്ത്രക്രിയ സംഭവം രാഷ്ട്രപതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് തീരുമാനം. ഇതുസംബന്ധിച്ച വിഷയം പ്രണാബ് മുഖര്‍ജിയെ ബോധ്യപ്പെടുത്തുന്നതിന് എഐസിസി നിയമകാര്യ വിഭാഗം സെക്രട്ടറി കെ.സി. മിത്തല്‍ രാഷ്്ട്രപതിക്കു കത്തെഴുതി.

14 നിര്‍ധന ദളിത് സ്ത്രീകളുടെ മരണത്തിനും 63 സ്ത്രീകള്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനുമിടയാക്കിയ ശസ്ത്രക്രിയയുടെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന്റേതാണ്. എന്നാല്‍, സംഭവം നിസാരവത്കരിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ മൗനം പാലിച്ചതിലൂടെ യഥാര്‍ഥ കുറ്റവാളികള്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. നിരോധിത മരുന്നുകളുടെ വ്യാപക ഉപയോഗത്തിലൂടെ നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടു. മരുന്നു മാഫിയകള്‍ക്കു സര്‍ക്കാര്‍ വഴിവിട്ടു സഹായം ചെയ്തതുകൊണ്ടാണു ദാരുണമായ വന്ധ്യംകരണ ശസ്ത്രക്രിയ ദുരന്തമുണ്ടായതെന്നും രാഷ്ട്രപതിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Top