കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം: പ്രതികള്‍ 22ന് കീഴടങ്ങാന്‍ കോടതി നിര്‍ദേശം

ആലപ്പുഴ: പി.കൃഷ്ണപിള്ള സ്മാരകം തീയിട്ട് പ്രതിമ തകര്‍ത്ത സംഭവത്തില്‍ പ്രതികളായ അഞ്ച് സി.പി.എം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരോട് ഈ മാസം 22ന് കീഴടങ്ങാന്‍ ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുവെയാണ് കോടതി,കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചത്.

വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന ലതീഷ്.ബി.ചന്ദ്രന്‍, സി.പി.എം കണ്ണര്‍കാട് ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറിയും ഇപ്പോള്‍ അംഗവുമായ പി.സാബു, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ദീപു, രാജേഷ് രാജന്‍, സി.പി.എം പ്രവര്‍ത്തകനായ പ്രമോദ് എന്നിവരോടാണ് തൃശൂരിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്പാകെ കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31ന് പുലര്‍ച്ചെയാണ് മുഹമ്മ കണ്ണര്‍കാട്ടുള്ള പി.കൃഷ്ണപിള്ള സ്മാരകം തീയിടുകയും പ്രതിമയ്ക്ക് കേട് വരുത്തുകയും ചെയ്തത്. ഓലമേഞ്ഞ വീടിന്റെ പിന്‍ഭാഗമാണ് കത്തിച്ചത്. വീടിന് മുന്‍ഭാഗത്ത് സ്ഥാപിച്ചിരുന്ന കൃഷ്ണപിള്ളയുടെ പ്രതിമയുടെ കണ്ണിന്റെ ഭാഗവും തകര്‍ത്തിരുന്നു.

Top