കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം: സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതികള്‍

ആലപ്പുഴ: മുഹമ്മ കണ്ണാര്‍ക്കാട്ട് പി.കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത സംഭവത്തില്‍ അഞ്ച് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആലപ്പുഴ കോടതിയിലാണ് സമര്‍പ്പിച്ചത്.

വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായിരുന്ന ഡിവൈഎഫ് മേഖല ജോയിന്റ് സെക്രട്ടറി ലതീഷ് ബി.ചന്ദ്രനാണ് കേസിലെ ഒന്നാം പ്രതി. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പി.സാബു, സിപിഎം പ്രവര്‍ത്തകന്‍ രാജന്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ദീപു, രാജേഷ്, പ്രമോദ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇവര്‍ ഒളിവിലാണ്.

ഇവര്‍ക്കെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ സമയം അനുവദിക്കണമെന്നും അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ചൂട്ടുകറ്റ ഉപയോഗിച്ച് പ്രതികള്‍ സ്മാരകത്തിന് തീയിട്ട ശേഷം രക്ഷാപ്രവര്‍ത്തനത്തിലും പങ്കെടുത്തെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സംഭവത്തില്‍ ഇവരെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചതെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top