ന്യൂഡല്‍ഹി: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കുറ്റവിമുക്തമാക്കിയ വിധി സുപ്രിം കോടതി റദ്ദാക്കി. രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്. കേസ് വീണ്ടും പരിഗണിക്കാനും സുപ്രീംകോടതി ഹൈക്കോടതിയോട് നിര്‍ദ്ദേശിച്ചു.
കേസില്‍ അഞ്ചു വര്‍ഷം തടവിനാണ് 2006ല്‍ സല്‍മാന്‍ഖാനെ വിചാരണക്കോടതി ശിക്ഷിച്ചത്. ഇതിനെതിരെ സല്‍മാന്‍ നല്‍കിയ ഹര്‍ജിയിലാണ് 2013ല്‍ രാജസ്ഥാന്‍ ഹൈക്കോടതി ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞത്. എന്നാല്‍ ഇതിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ തന്നെ സല്‍മാന്‍ ഖാന് ബ്രിട്ടനിലേക്ക് പോവാന്‍ വിസ ലഭിച്ചിരുന്നില്ല. ബ്രിട്ടനിലെ നിയമം അനുസരിച്ച് നാലു വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ ലഭിച്ചാല്‍ വിസ നല്‍കാന്‍ കഴിയില്ല. തുടര്‍ന്ന് സല്‍മാന് എംബസി വിസ നിഷേധിക്കുകയും ചെയ്തു. ഇത്തരക്കാരുടെ പാസ്‌പോര്‍ട്ടില്‍ ശിക്ഷിക്കപ്പെട്ടു എന്ന് പതിക്കുകയും ചെയ്യും. ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ നടപടി സുപ്രീംകോടതി റദ്ദാക്കിയതോടെ കേസ് തീര്‍പ്പാവാതെ സല്‍മാന് ബ്രിട്ടനിലേക്ക് പോവാന്‍ വിസ ലഭിക്കില്ല.
1999ല്‍ സിനിമാ ചിത്രീകരണത്തിനിടെ കൃഷ്ണ മൃഗത്തെ വേട്ടയാടി കൊന്ന കേസിലാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.