തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരും പെന്‍ഷന്‍കാരും വീണ്ടും സമരത്തിലേക്ക്. പെന്ഷന് കുടിശിക തീര്‍ത്തു നല്കാന് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ തയാറാക്കിയ ഒത്തുതീര്‍പ്പ് ധാരണകളില്‍ ഒന്നുപോലും നടപ്പാകാത്ത സാഹചര്യത്തിലാണു സമരമെന്നാണു ജീവനക്കാരുടെ വിശദീകരണം.
ശമ്പളവും പെന്‍ഷനും മുടങ്ങി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയെ കരകയറ്റാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല ചര്‍ച്ച നടന്നുതും ഒത്തുതീര്‍പ്പ് ധാരണകള്‍ക്ക് രൂപം നല്കിയതും. ഏപ്രില്‍ വരെ പെന്ഷന് തുക 15,000 ആയി നിജപ്പെടുത്തുമെന്നും കുടിശ്ശിക ഫെബ്രുവരി 15നു മുന്‍പ് കൊടുത്ത് തീര്‍ക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്ക്. എറണാകുളത്തെ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുക്കാനുള്ള നടപടികള്‍ കെഎസ്ആര്‍ടിസി പൂര്‍ത്തിയാക്കിയെങ്കിലും ഗ്യാരന്റി നില്‍ക്കാതെ സര്‍ക്കാര്‍ വാക്കുമാറിയെന്നാണ് ആരോപണം.
ലാഭകരമല്ലാത്ത റൂട്ടകള് വഴിയുണ്ടാകുന്ന നഷ്ടം കുറക്കാന്‍ ആദ്യഘട്ടത്തില്‍ 25 ശതമാനം റൂട്ടുകള്‍ പുനഃക്രമീകരിക്കുക, കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നടപ്പായില്ല. സമഗ്ര വികസനത്തിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നായിരുന്നു പ്രഖ്യാപനം. മാസം രണ്ട് കഴിഞ്ഞിട്ടും കമ്മിറ്റി അംഗങ്ങുടെ കാര്യത്തില്‍ പോലും ധാരണയായില്ല.