ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പൊതുപ്രവര്‍ത്തകരെ അഴിമതിക്ക് പ്രേരിപ്പിക്കുന്ന പ്രസംഗം നടത്തിയെന്ന പരാതിയിലാണ് കമ്മീഷന്‍ നോട്ടീസ് നല്‍കിയത്. കെജ്‌രിവാളിന്റെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് ലീഗല്‍ ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി കെ സി മിത്തല്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
പതിനെട്ടിന് ഉത്തം നഗറില്‍ സംഘടിപ്പിച്ച റാലിയിലാണ് കെജ്‌രിവാളിന്റെ വിവാദപരാമര്‍ശം ഉണ്ടായത്. ’65 വര്‍ഷമായി രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണ് രണ്ട് രാഷ്ട്രീയ പാര്‍ട്ടികളും. അതുകൊണ്ട്, ബി ജെ പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും നിങ്ങള്‍ കൈകൂലി വാങ്ങുക. വേണ്ടെന്ന് പറയരുത്. പക്ഷേ വോട്ട് എ എ പിക്ക് നല്‍കുക. ഇതായിരുന്നു കെജ്‌രിവാളിന്റെ വിവാദ ഉപദേശം.