നെയ്‌റോബി: മൃഗവേട്ടയും കൊമ്പ് വില്‍പനയും നിരുത്സാഹപ്പെടുത്താനായി കെനിയന്‍ പ്രസിഡന്റ് 15 ടണ്‍ ആനക്കൊമ്പുകള്‍ കത്തിച്ചു കളഞ്ഞു. ലോക വന്യമൃഗ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം. 25 വര്‍ഷം മുമ്പ് തന്നെആനക്കൊമ്പ് വ്യാപാര നിരോധനം പ്രാബല്യത്തിലുള്ള രാജ്യമാണ് കെനിയ.
വികസിച്ച് കൊണ്ടിരിക്കുന്ന പുതിയ കമ്പോള വ്യവസ്ഥിയില്‍ കൊമ്പുകളുടെ വിപണന സാധ്യത അധികരിച്ചത് മൂലം ആനകളുടെയും കണ്ടാമൃഗങ്ങളുടെയും ജീവന് ഭീഷണിയായ സാഹചര്യമാണു ആഫ്രിക്കയിലുള്ളത്.
വംശനാശഭീഷണി നേരിടുന്ന വന്യജീവി വര്‍ഗങ്ങളുടെ നിലനില്‍പില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ആശങ്കയിലാണെന്ന് തലസ്ഥാന നഗരിയിലെ നൈറോബി നാഷണല്‍ സിറ്റിയില്‍ വെച്ച് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡന്റ് ഉഹ്‌റു കെനിയത്ത പറഞ്ഞു. രാജ്യത്തെ വിവേകശൂന്യരായ കുറ്റവാളികള്‍ ആനകളെ കൂട്ടക്കൊല നടത്തിയാണ് ഈ കൊമ്പുകളില്‍ അധികവും എടുത്തിട്ടുള്ളത്. കെനിയയിലെയും ആഫ്രിക്കയിലെയും, എന്നല്ല ലോകം മുഴുവനുമുള്ള ഭാവി തലമുറക്ക് ഈ ഗംഭീര മൃഗങ്ങളുടെ ഭംഗിയും ഐശ്വര്യവും അനുഭവിക്കാന്‍ കഴിയേണ്ടതുണ്ട്. വേട്ടക്കാരും അവരുടെ കഴിവും സംവിധാനങ്ങളുമായിരിക്കരുത് അവസാന വാക്കെന്നും വലിയ ആനക്കൊമ്പ് കൂമ്പാരത്തിന് പെട്രോള്‍ ഒഴിച്ച് തീ കൊടുക്കുന്നതിന് മുന്നോടിയായി കെനിയത്ത പ്രസ്താവിച്ചു. കഴിഞ്ഞ 2010 നും 2012നുമിടയിലായി ആഫ്രിക്കയില്‍ 1,00000 ആനകള്‍ കൊല്ലുപ്പെട്ടിട്ടുണ്ടെന്നാണ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘സേവ് ദ എലഫെന്റ്‌സ് ‘എന്ന വന്യജീവി സംരക്ഷണ സംഘം നല്‍കുന്ന കണക്കുകള്‍.