കോലാലംപൂര്‍ : കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജൂണ്‍ 1 മുതല്‍ 13 വരെ മലേഷ്യയില്‍ സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണത്തിലെ വര്‍ധന പരിഗണിച്ചാണ് നടപടി. 8,000 കേസുകള്‍ വരെയാണ് മലേഷ്യയില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് കൊവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയിരുന്നു.
ജൂണ്‍ ഒന്ന് മുതല്‍ 13 വരെ ആദ്യ ഘട്ട ലോക്ക്‌ഡൗണ്‍ നടപ്പാക്കാനാണ് തീരുമാനം. രണ്ടാം ഘട്ടം അടുത്ത നാലാഴ്‌ച നടപ്പാക്കും. കേസുകള്‍ കുറയുന്നതനുസരിച്ച് ഇളവുകള്‍ പ്രഖ്യാപിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം എഴുപതിനായിരത്തോട് അടുത്തതായി ആരോഗ്യ വിഭാഗം അറിയിച്ചു.
ആദ്യ ഘട്ട ലോക്ക്‌ഡൗണില്‍ അവശ്യ സര്‍വീസുകളൊഴിച്ച് മറ്റ് എല്ലാ വാണിജ്യ കേന്ദ്രങ്ങളും സ്ഥാപനങ്ങളും അടച്ചിടും. കഴിഞ്ഞ മാസം മുതല്‍ മലേഷ്യയില്‍ ഗതാഗതത്തിനും ഒത്തുചേരലുകള്‍ക്കും നിയന്ത്രണമുണ്ടായിരുന്നു. രാജ്യത്ത് ഇതുവരെ 5,40,000 കൊവിഡ് കേസുകളും 2,400 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.