തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ 17 ന് തിരുവനന്തപുരം ജില്ലയില്‍ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു. പെന്‍ഷന്‍, ശമ്പള വിതരണം എന്നിവ മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്.
ശബരിമല സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. മറ്റു സ്ഥലങ്ങളില്‍ നിന്നുള്ള ദീര്‍ഘദൂര ബസുകള്‍ ജില്ലാ അതിര്‍ത്തിയില്‍ സര്‍വീസ് നിര്‍ത്തും. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫും സി.ഐ.ടി.യു നേതൃത്വം നല്‍കുന്ന കെ.എസ്.ആര്‍.ടി.സി.ഇ.എയും സമരത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
അനിശ്ചിതകാല സമരത്തിന് മുന്നോടിയായിട്ടാണ് പണിമുടക്കെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു. പെന്‍ഷന്‍ വിതരണത്തിന് ശാശ്വത പരിഹാരം കാണുക, ശമ്പള വിതരണം കൃത്യമാക്കുക, സര്‍വീസുകള്‍ കാര്യക്ഷമമാക്കുക, വര്‍ക്ക് ഷോപ്പുകളില്‍ കിടക്കുന്ന ബസുകള്‍ പുറത്തിറക്കുക, ജന്റം ബസുകള്‍ നിയന്ത്രിക്കുന്ന അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ആസ്ഥാനം തിരുവനന്തപുരമാക്കുക, സ്വകാര്യ മേഖലയില്‍ നിന്നും സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ആവശ്യങ്ങള്‍സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് സി.ഐ.ടി.യു അനുകൂല യൂണിയന്‍ വ്യക്തമാക്കിയിട്ടുണ്ട്.