മലപ്പുറം തിരുനാവായയിൽ സിൽവർ ലൈൻ അതിരടയാള കല്ലുകൾ മാറ്റുന്നത് സംബന്ധിച്ച് വീണ്ടും പ്രതിഷേധം. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സൂക്ഷിച്ചിരുന്ന കല്ലുകൾ വില്ലേജ് ഓഫീസ് ഭൂമിയിലേക്ക് മാറ്റാനുള്ള ശ്രമവും സമരസമിതി തടഞ്ഞു. ഇതേ തുടര്‍ന്ന് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. അതിനുശേഷമാണ് അതിരടയാള കല്ലുകള്‍ പഞ്ചായത്ത് ഭൂമിയില്‍ ഇറക്കിയത്. രണ്ടായിരത്തോളം കല്ലുകൾ തിരുനാവായ ഭാഗത്ത് തന്നെ സൂക്ഷിക്കുന്നതിൽ ഗൂഢലക്ഷ്യം ഉണ്ടെന്നാണ് സമരസമിതിയുടെ ആരോപണം. എന്നാല്‍ അനുയോജ്യമായ മറ്റ് സ്ഥലം ഇല്ലാത്തതുകൊണ്ടാണ് ഇവിടേക്ക് തന്നെ മാറ്റുന്നത് എന്നാണ് സിൽവർ ലൈൻ അധികൃതരുടെ വിശദീകരണം. ഇതേ സ്ഥലത്ത് നിന്ന് നേരത്തെയും അതിരടയാള കുറ്റികള്‍ പൊതു സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമം കെ റെയില്‍ അധികൃതര്‍ നടത്തിയിരുന്നു. എന്നാല്‍ അന്നും നാട്ടുകാരും സമരസമിതി പ്രവര്‍ത്തകരുമെത്തി അധികൃതരുടെ നീക്കം തടഞ്ഞു.