തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ട്രോളിംഗ് നിരോധനം ലംഘിച്ച് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ നിരോധനം ജൂണ്‍ 15 മുതലാണു ബാധകമെങ്കിലും 12 നോട്ടിക്കല്‍ മൈല്‍ ദൂരപരിധിക്കപ്പുറം പോകാന്‍ പാടില്ലെന്നാണു നിയമം. കേന്ദ്രം നിശ്ചയിച്ച 12 നോട്ടിക്കല്‍ മൈല്‍ പരിധി മറികടന്ന ബോട്ടുകള്‍ നീണ്ടകരയില്‍ തീരരക്ഷാസേന തടഞ്ഞു.
ട്രോളിങ് നിരോധനകാര്യത്തില്‍ കേന്ദ്രവുമായി അസ്വാരസ്യം നിലനില്‍ക്കെ ചൊവ്വാഴ്ച ഫിഷറീസ് മന്ത്രി കെ.ബാബുവിെന്റ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥതലയോഗം നടക്കും. രാവിലെ 11ന് സെക്രട്ടേറിയറ്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ ജില്ലാകളക്ടര്‍മാരും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, തീരരക്ഷാസേന, പോലീസ് എന്നിവയുടെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. എല്ലാവര്‍ഷവും ട്രോളിങ് നിരോധനത്തിന് മുമ്പ് ചേരുന്ന പതിവു യോഗമെന്നാണ് വിശദീകരണമെങ്കിലും നിരോധനകാര്യത്തിലെ പ്രശ്‌നങ്ങളും ചര്‍ച്ചയായേക്കും. ജൂണ്‍ ഒന്നു മുതല്‍ 61 ദിവസം ട്രോളിങ് നിരോധനമെന്ന കേന്ദ്രനിര്‍ദേശം നടപ്പാക്കേണ്ടെന്നുതന്നെയാണ് സംസ്ഥാനത്തിന്റെ തീരുമാനം.