കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ച് നല്‍കുമെന്ന് സാറാ ജോസഫ്

ന്യൂഡല്‍ഹി: പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് കേന്ദ്ര സഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചു നല്‍കും. കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പുരസ്‌കാരം തിരിച്ചു നല്‍കുന്നത്. ആലാഹയുടെ പെണ്‍മക്കള്‍ എന്ന കൃതിക്ക് ലഭിച്ച പുരസ്‌കാരമാണ് തിരിച്ചു നല്‍കുന്നത്. ശില്പവും പ്രശസ്തിപത്രവും 50,000 രൂപയുമാണ് തിരിച്ച് നല്‍കുന്നത്.

രാജ്യം ഭീതിദമായ അന്തരീക്ഷത്തിലാണെന്ന് സാറാ ജോസഫ് പറഞ്ഞു. പൗരന്‍മാരുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ പോലും കൈകടത്തുന്നത് അംഗീകരിക്കാനാവില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പുരസ്‌കാരം തിരിച്ച് നല്‍കുന്നതെന്ന് സാറാ ജോസഫ് പറഞ്ഞു. ഹിന്ദുത്വ വര്‍ഗീയത ശക്തിപ്പെടുന്നു. ഇതിന് സര്‍ക്കാര്‍ പോലും കൂട്ടു നില്‍ക്കുന്നു.ഒരു തരത്തിലും ഇത് അംഗീകരിക്കാനാവില്ലെന്നും സാറ് ജോസപ് പറഞ്ഞു.

ഗോവിന്ദ് പന്‍സാരെ, എംഎം കല്‍ബുര്‍ഗി തുടങ്ങിയ സാംസ്‌കാരിക നായകരെ കൊലപ്പെടുത്താന്‍ പോലും ഇവര്‍ ധൈര്യപ്പെടുന്നു. ദാദ്രിയില്‍ മധ്യവയസ്‌കനെ കൊലപ്പെടുത്തിയത് ഭക്ഷണസ്വാതന്ത്ര്യത്തില്‍ പോലും കൈകടത്തുന്ന നീക്കമാണ്. ഇതിനെതിരെ സാംസ്‌കാരിക പ്രതിഷേധമെന്ന നിലയിലാണ് പുരസ്‌കാരം തിരിച്ച് നല്‍കുന്നതെന്നും സാറാ ജോസഫ് പറഞ്ഞു.

തീരുമാനം വൈകിപ്പോയെന്ന് അറിയാമെന്നും സാറാ ജോസഫ് പറഞ്ഞു. പുരസ്‌കാരത്തുക സമാഹരിക്കാനുള്ള താമസമാണുണ്ടായത്. പോസ്റ്റലായി കേന്ദ്ര സാഹിത്യ അക്കാദമിക്ക് അയച്ചു കൊടുക്കുമെന്നും അവര്‍ വ്യക്തമാക്കി.

Top