തിരുവനന്തപുരം: കേരളത്തിലേക്ക് വീണ്ടും രാജ്യാന്തര ക്രിക്കറ്റ് മത്സരം വരുന്നു.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് ഈ സീസണിലെ ഒരു മത്സരം അനുവദിക്കാമെന്ന് ബിസിസിഐ ഉറപ്പുനല്‍കിയതായി കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. അതിന് മുന്നോടിയായി രഞ്ജി ട്രോഫിക്കും കാര്യവട്ടം വേദിയാകും.
ബിസിസിഐയുടെ ഉറപ്പ് ലഭിച്ചതോടെ ഈ സീസണില്‍ തന്നെ കാര്യവട്ടത്ത് രാജ്യാന്തര മത്സരങ്ങള്‍ സംഘടിപ്പിക്കാമെന്ന വിശ്വാസത്തിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍.
അസമിലെ പുതിയ ബര്‍സാപര ക്രിക്കറ്റ് സ്റ്റേഡിയത്തിനൊപ്പം ഗ്രീന്‍ഫീല്‍ഡിനെയും പരിഗണിക്കണമെന്ന ശുപാര്‍ശ ഐസിസിക്ക്, ബിസിസിഐ നല്‍കിക്കഴിഞ്ഞു.
ഓസ്‌ട്രേലിയക്കെതിരെ ഒക്ടോബറില്‍ 7 ഏകദിനവും 2 ട്വന്റി ട്വന്റിയും, ശ്രീലങ്കയ്‌ക്കെതിരെ മാര്‍ച്ചില്‍ 5 ഏകദിനവും 2 ട്വന്റി ട്വന്റിയും ഇന്ത്യ കളിക്കും. ന്യൂസീലന്‍ഡും ബംഗ്ലാദേശും ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരക്കും സാധ്യതയുണ്ട്.
രഞ്ജി ട്രോഫിയിലെ ന്യൂട്രല്‍ വേദി പരീക്ഷണം ഉപേക്ഷിക്കാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തിന്റെ ആദ്യ മത്സരം തന്നെ കാര്യവട്ടത്ത് നടത്താനാണ് ആലോചന.
2014 ഒക്ടോബറില്‍ കൊച്ചിയിലെ ഇന്ത്യ-വിന്‍ഡീസ് ഏകദിനമായിരുന്നു കേരളത്തിലെ അവസാന രാജ്യാന്തര ക്രിക്കറ്റ് മത്സരം.