കേരളത്തിലെ ആദ്യ മാവോയിസ്റ്റ് ആക്രണം സ്ഥിരീകരിച്ചു; നാണംകെട്ട് ആഭ്യന്തര വകുപ്പ്

കൊച്ചി: നീറ്റാ ജലാറ്റിന്‍ കമ്പനിയുടെ കൊച്ചി കോര്‍പറേറ്റ് ഒഫീസിന് നേരെ നടന്ന ആക്രമണം മാവോയിസ്റ്റുകള്‍ ഏറ്റെടുത്തതോടെ സംസ്ഥാന ആഭ്യന്തര വകുപ്പ് പ്രതിരോധത്തിലായി.

സിപിഐ(മാവോയിസ്റ്റ്) പശ്ചിമഘട്ട മേഖല സമിതിയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വാര്‍ത്താകുറിപ്പിറക്കിയത്. പാര്‍ട്ടിയുടെ അര്‍ബന്‍ ആക്ഷന്‍ ടീമാണ് ആക്രമണം നടത്തിയതെന്ന് വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഇത് സൂചന മാത്രമാണെന്നും പ്രതിഷേധം തുടരുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് നീറ്റാ ജലാറ്റിന്‍ കമ്പനിയുടെ പനമ്പിള്ളി നഗറിലെ ഓഫീസ് ഒന്‍പതംഗ മുഖംമൂടി സംഘം ആക്രമിച്ചത്.  പൊലീസും ആഭ്യന്തര വകുപ്പും മാവോയിസ്റ്റ് ആക്രമണമാണെന്ന് പുറത്തു പറഞ്ഞിരുന്നില്ല. എന്നാല്‍ മാവോയിസ്റ്റുകള്‍ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് ഇപ്പോള്‍ സംസ്ഥാന പൊലീസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

മാവോയിസ്റ്റ് അര്‍ബന്‍ ആക്ഷന്‍ ടീമെന്ന് മാവോയിസ്റ്റുകള്‍ പ്രഖ്യാപിച്ചിട്ടും ഈ സംഘത്തെക്കുറിച്ച് കേട്ട്‌കേള്‍വിയില്ലാതെ രഹസ്യാന്വേഷണ വിഭാഗവും ഇരുട്ടില്‍ തപ്പുകയാണ്. മാവോയിസ്റ്റ് വേട്ടക്കായി രൂപീകരിച്ച സേനയുടെ നിലനില്‍പ് തന്നെ ആക്രമണത്തിലൂടെ മാവോയിസ്റ്റുകള്‍ ചോദ്യം ചെയ്തിരിക്കുകയാണ്.

Top