ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ‘യഥാര്‍ത്ഥ’ ജനകീയ അടിത്തറ പരിശോധിക്കാന്‍ രാഹുല്‍ഗാന്ധി പബ്ലിക് റിലേഷന്‍ കമ്പനിയെ രംഗത്തിറക്കുന്നു.
സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചക്കുള്ള സാധ്യത, ജനങ്ങള്‍ക്കിടയിലെ സ്വീകാര്യരായ നേതാക്കള്‍ ആരൊക്കെ, ഇതില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രത്യേക പട്ടിക, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഘടകക്ഷികള്‍ക്കും കോണ്‍ഗ്രസിനും ലഭിക്കാന്‍ സാധ്യതയുള്ള സീറ്റുകള്‍, ഭരണത്തെക്കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തല്‍, അഴിമതി ആരോപണ വിധേയരുടെ പട്ടിക, കോണ്‍ഗ്രസ് എംഎല്‍എമാരുടെ പ്രകടനം തുടങ്ങിയവയാണ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്റെ നിര്‍ദ്ദേശപ്രകാരം പ്രമുഖ പബ്ലിക് റിലേഷന്‍ കമ്പനി പരിശോധിക്കുന്നത്.
സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ മാത്രമല്ല പൊതു സമൂഹത്തിനിടയിലും എറ്റവും അധികം സ്വീകാര്യനായ കോണ്‍ഗ്രസ് നേതാവ് ആരാണെന്ന കാര്യം പ്രത്യേകമായി പരിശോധിക്കാന്‍ നിര്‍ദ്ദേശമുള്ളതിനാല്‍ മുഖ്യമന്ത്രി പദ മോഹികളായ നേതാക്കള്‍ക്ക് ഈ സര്‍വ്വേഫലം നിര്‍ണ്ണായകമായിരിക്കും.
കോണ്‍ഗ്രസ് എം.എല്‍എമാരുടെ നിലവിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയിലെ പ്രതികരണം തേടുന്നതോടൊപ്പം വീണ്ടും ഈ മണ്ഡലങ്ങളില്‍ സിറ്റിംഗ് എംഎല്‍എമാര്‍ക്കുള്ള വിജയസാധ്യതയും സര്‍വ്വേയില്‍ പരിശോധിക്കുന്നുണ്ട്
പാര്‍ട്ടി നേതാക്കളുടെ താല്‍പര്യം എന്നതിലുപരി ജനതാല്‍പര്യം കൂടി മുന്‍നിര്‍ത്തി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഈ കണക്കെടുപ്പ്.
ഗ്രൂപ്പ് വീതംവയ്പ്പ് സ്വപ്നം കണ്ട് അണിയറയില്‍ ചരട് വലിക്കുന്ന നേതാക്കള്‍ക്ക് ഈ നീക്കം തിരിച്ചടിയാകും. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളുടെ ജനസ്വാധീനത്തിന്റെ ‘മാറ്റാണ്’ ഇവിടെ പരിശോധിക്കപ്പെടുക.
പൊതുസമൂഹത്തിനിടയില്‍ അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള വി.എം സുധീരന് രാഹൂല്‍ ഗാന്ധിയുടെ സര്‍വ്വേ ഗുണം ചെയ്യുമോയെന്ന കാര്യവും കണ്ടറിയേണ്ടതാണ്. സുധീരനെതിരെ കൈകോര്‍ത്ത എഐ ഗ്രൂപ്പുകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നതാണ് രാഹുലിന്റെ പുതിയ തന്ത്രം.
സംസ്ഥാനത്തെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെന്താണെന്നും അവരുടെ വികസന കാഴ്ചപ്പാടുകള്‍ എന്താണെന്നും വിശദമായി റിപ്പോര്‍ട്ട് ചെയ്യാനും സര്‍വ്വേ ടീമിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. യുവാക്കളുടെയും സ്ത്രീകളുടെയും അഭിപ്രായങ്ങള്‍ക്ക് മുന്‍ഗണന നല്‍കും.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും സംസ്ഥാന കോണ്‍ഗ്രസിലും ഭരണത്തിലും ഹൈക്കമാന്‍ഡിന്റെ ‘ഒറ്റമൂലി’ പ്രയോഗമുണ്ടാവുകയെന്നാണ് സൂചന.