കേരളത്തിലെ മാവോവാദി ഭീഷണി ; അയല്‍സംസ്ഥാനങ്ങളുടെ സഹായം തേടും

കല്‍പ്പറ്റ: രണ്ടു സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന വയനാട്ടില്‍ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാവോവാദികളെ നേരിടാന്‍ കേരളം അയല്‍ സംസ്ഥാനങ്ങളുടെ സഹായം തേടുന്നു. ഇതിനായി കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ആഭ്യന്തരമന്ത്രിമാരെ ഉള്‍പ്പെടുത്തി യോഗം വിളിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കല്‍പ്പറ്റയില്‍ സര്‍വകക്ഷി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

രണ്ടു സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്നതിനാല്‍ കേരളം ഉള്‍പ്പെടെ മൂന്നു സംസ്ഥാനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനം അനിവാര്യമായ സാഹചര്യത്തിലാണു യോഗം. അതേസമയം, മാവോവാദികളെ നേരിടാന്‍ കേരളപോലിസ് സജ്ജമാണെന്നും അത്യാധുനിക ആയുധങ്ങളുടെയും മറ്റും അപര്യാപ്തത നിലവില്‍ കേരള പോലിസിനില്ലെന്നും മന്ത്രി പറഞ്ഞു. പോലിസ് സേനയെ അടിത്തട്ടു മുതല്‍ ശക്തിപ്പെടുത്തും.

തണ്ടര്‍ബോള്‍ട്ട്, ഭീകരതാവിരുദ്ധ സ്‌ക്വാഡ് എന്നിവയുടെ സേവനം മാവോവാദി സാന്നിധ്യമുള്ള മേഖലകളില്‍ ശക്തമാക്കും. എല്ലാ ട്രൈബല്‍ ഹൈസ്‌കൂളുകളിലും സ്റ്റുഡന്റ് കാഡറ്റ് പദ്ധതി വ്യാപിപ്പിക്കും. വനമേഖലയിലെ പോലിസ് സ്റ്റേഷനുകള്‍ ജനമൈത്രി പോലിസ് സ്റ്റേഷനുകളാക്കും. ആദിവാസികള്‍ക്കടക്കം നിര്‍ഭയമായി പോലിസ് സ്റ്റേഷനുകളിലേക്കു കടന്നുചെല്ലാനുള്ള സാഹചര്യമുണ്ടാക്കുകയാണ് ഇതിന്റെ ലക്ഷ്യം. വനാതിര്‍ത്തികളില്‍ ജോലിചെയ്യുന്ന പോലിസുകാര്‍ക്കായി പ്രത്യേക പരിശീലനം നല്‍കും.

Top