കേരളത്തില്‍ എതിര്‍ക്കുന്ന ബിജെപിയെ സിപിഎം ബിഹാറില്‍ സഹായിക്കുന്നു: എം.പി വീരേന്ദ്ര കുമാര്‍

തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സിപിഎമ്മിനെതിരെ സംഘപരിവാര്‍ ബന്ധമാരോപിച്ച് ജെഡിയു. കേരളത്തില്‍ എതിര്‍ക്കുന്ന ബിജെപിയെ സിപിഎം ബിഹാറില്‍ സഹായിക്കുകയാണെന്ന് ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി.വീരേന്ദ്രകുമാര്‍ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിന് ഇപ്പോഴത്തെ രാഷ്ട്രീയ പ്രചാരണ ശൈലി മാറ്റേണ്ടിവരും. ജെഡിഎസുമായി നടത്തുന്ന ചര്‍ച്ച മുന്നണിമാറ്റത്തിനുള്ള നീക്കമായി വ്യാഖ്യാനിക്കേണ്ടെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തില്‍ ജനതാദള്‍ സെക്കുലറുമായി മാത്രമാണ് പാര്‍ട്ടി ചര്‍ച്ച നടത്തുന്നത്. ജെഡിയു എല്‍ഡിഎഫിലേക്ക് പോകുമെന്ന് അതിനര്‍ത്ഥമില്ല. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ വലിയ രാഷ്ട്രീയമാറ്റങ്ങളുണ്ടാകും. കേരളത്തില്‍ സംഘപരിവാറിനെ എതിര്‍ക്കുന്ന സിപിഎം ബിഹാറില്‍ പ്രത്യേകമുന്നണിയുണ്ടാക്കി ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്.

ബിഹാര്‍ ഫലം ബിജെപിയില്‍ പൊട്ടിത്തെറിയുണ്ടാക്കും. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനുള്ള അംഗീകാരമാകുമെന്നും കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നുമുള്ള മുഖ്യമന്ത്രിയുടെ നിലപാട് തെറ്റാകാനിടയില്ലെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജനതാപരിവാര്‍ ഏകീകരണത്തിനുള്ള നീക്കം അവസാനിച്ചുവെന്നും എം.പി വീരേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു.

Top