പൂനെ: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം. പൂനെ എഫ്‌സിയെ രണ്ടിനെതിരെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് കോരളാ ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ജയം നേടിയത്. ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി മലയാളി താരം സി.എസ് സബീത്തും പെന്‍ ഓര്‍ജിയുമാണ് ഗോള്‍ നേടിയത്.
15ാം മിനുട്ടില്‍ ഫ്രാന്‍സിന്റെ ലോകകപ്പ് താരം ഡേവിഡ് ട്രെസീഗെ നേടിയ ഗോളിന് ആതിഥേയരായ എഫ്‌സി പൂനെ സിറ്റിയാണ് ആദ്യഗോള്‍ നേടിയത്. എന്നാല്‍ ആദ്യപകുതി അവസാനിക്കാന്‍ നാലുമിനിറ്റ് ശേഷിക്കെ കോര്‍ണറില്‍ നിന്നും 41ാം മിനുട്ടില്‍ കേരളം തിരിച്ചടിച്ചു.
രണ്ടാംപകുതിയില്‍ മെഹ്താബ് ഹുസൈന് പകരം മിലാഗ്രസ് ഗോണ്‍സാല്‍വസിനെയും ഗുസ്മാവോയ്ക്ക് പകരം പെന്‍ ഓര്‍ജിയെയും കളത്തിലിറക്കിയ കേരളം ആധിപത്യം നേടുകയായിരുന്നു. 65ാം മിനുട്ടില്‍ പെന്‍ ഓര്‍ജി ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയ ഗോള്‍ നേടി. ലെയ്ന്‍ ഹ്യൂമിന്റെ പാസില്‍ നിന്നുമായിരുന്നു ഗോള്‍.
ഇതോടെ നാല് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റായ കേരളാ ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തെത്തി. അത്രയും തന്നെ പോയിന്റുള്ള പൂനെ എഫ്‌സി ആറാമതാണ്.
ആദ്യമൂന്നു കളികളില്‍ ഒരു പോയിന്റ് മാത്രമുണ്ടായിരുന്ന കേരളം ഇപ്പോള്‍ നാലു കളികളില്‍ നാലുപോയിന്റുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. മധ്യനിരയില്‍ കേരളത്തിനായി മികച്ച പ്രകടനം പുറത്തെടുത്ത ഇയാന്‍ ഹ്യൂം ആണ് മാന്‍ ഓഫ് ദി മാച്ച്.