കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ തകര്‍ച്ചയ്ക്ക് കാരണം ടീം മാനേജ്‌മെന്റ്; സുശാന്ത് മാത്യു

കൊച്ചി: കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മാനേജ്‌മെന്റിനെതിരെ തുറന്നടിച്ച് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം സുശാന്ത് മാത്യു. ബ്ലാസ്‌റ്റേഴ്‌സിന്റെ തകര്‍ച്ചയ്ക്ക് കാരണം ലാഭം മാത്രം നോക്കുന്ന ടീം മാനേജ്‌മെന്റ് നടപടിയാണെന്ന് സുശാന്ത് മാത്യു പറഞ്ഞു.

ഇയാന്‍ ഹ്യൂമിനെപോലുള്ള മികച്ച താരങ്ങളെ ഒഴിവാക്കിയത് ടീമിന് തിരിച്ചടിയായി. പുതിയ താരങ്ങള്‍ എത്തിയപ്പോള്‍ ടീമിലെ ഒത്തിണക്കത്തെ ബാധിച്ചുവെന്നും ചെറിയ ഓഫര്‍ ആയതു കൊണ്ടാണ് ടീം വിട്ടതെന്നും നിലവില്‍ പൂനെ സിറ്റിയുടെ താരമായ സുശാന്ത് പറഞ്ഞു.

തുടര്‍ച്ചയായി നാല് തോല്‍വികള്‍ ഏറ്റുവാങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായിരുന്ന പീറ്റര്‍ ടെയ്‌ലറെ ടീം മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. തുടര്‍ന്ന് ട്രെവര്‍ മോര്‍ഗന്‍ പരിശീലക സ്ഥാനം ഏറ്റെടുത്തിരുന്നു. എന്നാല്‍ മോര്‍ഗനെ മാറ്റി മുന്‍ ഐര്‍ലണ്ട് താരം ടെറി ഫിലാനെ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു.

ഏഴ് മത്സരങ്ങള്‍ കളിച്ച ബ്ലാസ്‌റ്റേഴ്‌സ് ഒരു വിജയവും രണ്ട് സമനിലയും നാല് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലാണ്.

Top