കേരള – തമിഴ്‌നാട് അതിര്‍ത്തിയില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിക്കുന്ന ചിത്രം പുറത്ത്

കൊച്ചി: കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ മാവോയിസ്റ്റുകള്‍ എത്തിയെന്നത് സ്ഥിരീകരിക്കുന്ന ചിത്രം പുറത്ത്. ഒരു വനിതയടക്കം അഞ്ചുപേരടങ്ങുന്ന സംഘത്തിന്റെ ചിത്രമാണ് പുറത്തായിരിക്കുന്നത്. കഴിഞ്ഞ 25ന് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരുടെ ചിത്രം പകര്‍ത്തിയത്. ഇത് തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന് കൈമാറി. ഇതില്‍ മൂന്നുപേരെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് തിരിച്ചറിഞ്ഞിട്ടുണ്ട്. സൈലന്റ് വാലിക്കു സമീപം ബങ്കിത്തപാല്‍ വനമേഖലയില്‍ കണ്ട മാവോയിസ്റ്റുകളുടെ ചിത്രം മനോരമ ന്യൂസ് ചാനലാണ് പുറത്തുവിട്ടിരിക്കുന്നത്.

സംഘത്തിലുള്ള മാവോയിസ്റ്റുകളായ ജയേഷ്, കന്യാകുമാരി, മഹാലിംഗം എന്നിവരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മാവോയിസ്റ്റുകളെ വ്യക്തമായി തിരിച്ചറിയാവുന്ന ചിത്രം ലഭിക്കുന്നത് ഇതാദ്യമായാണ്. ജനകീയ സമരങ്ങളും നീറ്റജലാറ്റിന്‍ ഓഫീസില്‍ നടത്തിയതുപോലുള്ള ആക്രമണങ്ങളും ലക്ഷ്യം വയ്ക്കുന്നത് സംഘടനാശക്തി വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളാണെന്നാണ് പൊലീസ് നിഗമനം.

കൊച്ചിയില്‍ മാവോയിസ്റ്റുകള്‍ക്ക് സഹായം നല്‍കുന്നവരുടെ ലിസ്റ്റ് പൊലീസ് ഇതിനോടകം തന്നെ തയാറാക്കിക്കഴിഞ്ഞു. രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത ജയ്‌സണ്‍ കൂപ്പറടക്കം 17 പോരാട്ടം പ്രവര്‍ത്തകരാണ് പട്ടികയിലുള്ളത്.

Top