കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍. അധികസമയത്തായിരുന്നു കേരളത്തിന്റെ ഫൈനല്‍ പ്രവേശനത്തിനുള്ള ഗോള്‍ സ്റ്റീഫന്‍ പിയേഴ്‌സണിലൂടെ പിറന്നത്. സെമി ഫൈനലിലെ രണ്ടാം സെമി മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് മൂന്നു ഗോള്‍ നേടാനെ സാധിച്ചുള്ളു. നിശ്ചിത സമയത്തില്‍ കേരളത്തിനെതിരേ ചെന്നൈയിന്‍ മൂന്ന് ഗോളിന് മുന്നിലായിരുന്നു.

ഇരു പാദങ്ങളിലുമായി മൂന്നു ഗോളുകള്‍ നേടി ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തിയപ്പോള്‍ കളി അധിക സമയത്തേക്ക് നീങ്ങി. കളിയുടെ തുടക്കം മുതല്‍ ചെന്നൈയിന്‍ ആക്രമിച്ചു കളിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. 28-ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജെയിംസ് മക്ലിസ്റ്റര്‍ ചുവപ്പ് കാര്‍ഡ് കണ്ടു. ഇത് കേരളത്തിന് വലിയ തിരിച്ചടിയായിരുന്നു. പിന്നീട് നിശ്ചിത സമയത്ത് കേരളം 10 പേരുമായാണ് കളിച്ചത്. ഇതിന്റെ സമ്മര്‍ദ്ദം കേരള താരങ്ങളില്‍ കാണാമായിരുന്നു.

42-ാം മിനിറ്റില്‍ സില്‍വിസ്റ്ററും 76-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് താരം ജിംഗനില്‍ നിന്ന് ചെന്നൈയിന് വീണു കിട്ടിയ സെല്‍ഫ് ഗോളും 90-ാം മിനിറ്റില്‍ ജെജെയും നേടിയ ഗോളുമാണ് നിശ്ചിത സമയത്ത് ചെന്നൈയിനായി പിറന്നത്. പിന്നീട് അധിക സമയത്ത് നടന്ന കളിയില്‍ ചെന്നൈയിന്‍ താരം മാര്‍കോ മറ്റരാസിക്ക് ചുവപ്പ് കാര്‍ഡ് കണ്ടു. ഇതോടെ ഇരു ടീമുകളും 10 പേരായി ചുരുങ്ങി. ഇത് മുതലെടുക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു. അധികം സമയം അവസാനിക്കുന്നതിന് മൂന്ന് മിനിറ്റ് മാത്രം ശേഷിക്കെയാണ് ബ്ലാസ്റ്റേഴ്‌സിനായി പിയേഴ്‌സണ്‍ ഗോള്‍ നേടിയത്.

Top