കൊല്ലം:ഐറ്റം ഡാന്‍സറുടെ റോളാണ് ഇപ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനുള്ളതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍.
സിനിമ ഹിറ്റാകില്ലെന്നു മനസിലാക്കുമ്പോള്‍ നിര്‍മാതാക്കള്‍ അതില്‍ ഐറ്റം ഡാന്‍സ് കയറ്റും. സില്‍ക്ക് സ്മിതയെപ്പോലുള്ളവരുടെ ഐറ്റം ഡാന്‍സ് സിനിമാക്കാര്‍ പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് സിനിമ വിജയിക്കണമെന്നില്ല. സിപിഎമ്മിന്റെ നമ്പരുകളൊന്നും വില്‍ക്കാതായതോടെ അച്യുതാനന്ദനെ ഉപയോഗിച്ച് ഐറ്റം ഡാന്‍സ് അവതരിപ്പിക്കുന്നു. വന്ദ്യവയോധികനായ അച്യുതാനന്ദന്‍ ആ സംസ്‌കാരത്തിനു ചേര്‍ന്ന രീതിയിലല്ല സംസാരിക്കുന്നത്.
വെള്ളാപ്പള്ളി നടേശനെ മോശമായി ചിത്രീകരിച്ച് താന്‍ പറഞ്ഞതെല്ലാം ശരിയാണെന്നു സ്ഥാപിച്ചെടുക്കാനാണു വി.എസ് ശ്രമിക്കുന്നത്. വെള്ളാപ്പള്ളി കള്ളനാണെന്നും വിയ്യൂര്‍ ജയിലില്‍ പോകേണ്ടിവരുമെന്നും അദ്ദേഹം പാടി നടക്കുന്നു. അച്യുതാനന്ദന്റെ മകനാണു കേരളത്തില്‍ അറിയപ്പെടുന്ന വലിയ കള്ളന്‍. വിയ്യൂരില്‍ കിടേക്കണ്ടിവരുന്നതു തന്റെ മകനായിരിക്കുമെന്ന് വി.എസ്. ഓര്‍ക്കണമെന്നും രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിസ്ഥാനത്തു വി.എസ്. ഇരുന്നപ്പോള്‍ വെള്ളാപ്പള്ളിയെക്കുറിച്ച് ഒരു പരാതിയും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍. അഞ്ചുവര്‍ഷം മുന്‍പുള്ളതാണ്. മലപ്പുറത്തുപോയി മുസ്ലീം ലീഗിനെ വിമര്‍ശിക്കാനും വെല്ലുവിളിക്കാനും വി.എസ്. തയാറാകില്ല. കാരണം, അവിടെ സിപിഎമ്മും ലീഗും ധാരണയോടെയാണ് മല്‍സരിക്കുന്നതെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.