തിരുവനന്തപുരം:ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറായിരുന്ന കേശവേന്ദ്ര കുമാറിന് നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ കരി ഓയിര്‍ ഒഴിച്ച കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം. ഐ.എ.എസ് അസോസയേഷന്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി അറിയിക്കാനൊരുങ്ങുകയാണ്. കേശവേന്ദ്ര കുമാറിനോട് ചോദിക്കാതെയാണ് കേസ് പിന്‍വലിക്കാനുള്ള നീക്കം നടക്കുന്നത്.
കേരള സമര ചരിത്രത്തില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു സംഭവമായിരുന്നു കേശവേന്ദ്രകുമാറിന് നേരെയുണ്ടായ കരിഓയില്‍ പ്രയോഗം. പ്ലസ് വണ്‍ ക്ലാസുകളിലെ ഫീസ് വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചു കെഎസ്‌യു പ്രവര്‍ത്തകര്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ഓഫിസിലേക്കു നടത്തിയ പ്രതിഷേധത്തിലാണു ഡയറക്ടറുടെ മേല്‍ കരിഓയില്‍ ഒഴിച്ചത്. 2012 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കേസ് പിന്‍വലിക്കുന്ന കാര്യം തന്നെ അറിയിച്ചിട്ടില്ലെന്ന് കേശവേന്ദ്ര കുമാര്‍ വ്യക്തമാക്കി. ആഭ്യന്തര മന്ത്രിയോട് ഇക്കാര്യം സംസാരിച്ചപ്പോള്‍ മുഖ്യമന്ത്രിയോട് സംസാരിക്കാമെന്ന് അറിയിച്ചതായും കേശവേന്ദ്ര കുമാര്‍ പറഞ്ഞു.
കെഎസ്‌യു പ്രവര്‍ത്തകരുമായി കേശവേന്ദ്ര കുമാര്‍ ചര്‍ച്ച നടത്തുന്നതിനിടെയായിരുന്നു അക്രമം. ഇതുമായി ബന്ധപ്പെട്ടു കെഎസ്‌യു ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന സിപ്പി നൂറുദ്ദീന്‍ ഉള്‍പ്പെടെ എട്ടുപേരെ തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.