തിരുവനന്തപുരം: കൈക്കൂലി കേസുമായി ബന്ധപ്പെട്ട് പത്തംനതിട്ട മുന്‍ എസ്പി രാഹുല്‍ ആര്‍ നായരെ സസ്‌പെന്റ് ചെയ്തു. ഇക്കാര്യം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ക്വാറി ഉടമകളില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായിരിക്കെ രാഹുല്‍ ആര്‍ നായര്‍ ക്വാറി തുറന്നു കൊടുക്കാന്‍ ഉടമകളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടറോട് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം അന്വേഷിച്ച വിജിലന്‍സ് ഡയറക്ടര്‍ സംഭവത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഇന്ന് എഫ്‌ഐആര്‍ സമര്‍പ്പിക്കുകയും ആയിരുന്നു. എഫ്‌ഐആറില്‍ രാഹുല്‍ ആര്‍ നായര്‍ ഒന്നാം പ്രതിയും ഇടനിലക്കാരനായിരുന്ന അജിത്കുമാര്‍ രണ്ടാം പ്രതിയുമാണ്.
അഴിമതി നിരോധന നിയമപ്രകാരമാണ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. അതേസമയം, തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ കേസില്‍ കുടുക്കുകയായിരുന്നുവെന്ന് രാഹുല്‍ ആര്‍ നായര്‍ വിജിലന്‍സ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. അടച്ചുപൂട്ടിയ ക്വാറി വീണ്ടും പ്രവര്‍ത്തനമാരംഭിക്കാന്‍ അനുമതി ലഭിക്കുന്നതിന് വൈക്കം സ്വദേശിയില്‍ നിന്നും 17 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. എഡിജിപി ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപി കെഎസ് ബാലസുബ്രഹ്മണ്യത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ രാഹുല്‍ ആര്‍ നായരെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ സ്ഥാനത്തുനിന്നും നീക്കം ചെയ്തിരുന്നു.