ബംഗളൂരൂ: കുടുംബ സ്വത്ത് സ്വന്തം പേരിലേക്കു മാറ്റിക്കിട്ടുന്നതിന് ഉദ്യോഗസ്ഥന്‍ കൈക്കൂലി ചോദിച്ചതിനെത്തുടര്‍ന്നു നിര്‍ധനയായ വീട്ടമ്മ വൃക്ക വിറ്റു. കര്‍ണാടക മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണം താലൂക്കിലാണു സംഭവം. ചിക്കതയ്യമ്മ (55) എന്ന സ്ത്രിക്കാണ് ഈ ദുരവസ്ഥ. ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ വൃക്ക വിറ്റു റവന്യൂ ഉദ്യോഗസ്ഥനു പണം നല്‍കിയത്.
സംഭവം പുറത്തറിഞ്ഞതോടെ കര്‍ണാടക ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടു. പണം വാങ്ങിയ റവന്യൂ ഇന്‍സ്‌പെക്റ്ററെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ലോകായുക്ത ജസ്റ്റിസ് ഡോ. വൈ. ഭാസ്‌കര്‍ റാവു പറഞ്ഞു. കൈക്കൂലിക്കു വേണ്ടിയാ ണോ പോക്കുവരവ് ഇത്രയധികം വൈകിച്ചതെന്ന് പരിശോധിക്കുമെന്നും ലോകായുക്ത വ്യക്തമാക്കി.
ചിക്കതയ്യമ്മയുടെ പിതാവിന് മൈസൂരില്‍ 15 ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. പിതാവിന്റെ മരണത്തോടെ അന്യാധീനപ്പെട്ട ഈ ഭൂമി ചിലര്‍ കൈയേറി. ഇവരെ ഒഴിപ്പിച്ച് വസ്തു സ്വന്തം പേരില്‍ ലഭിക്കുന്നതിന് ചിക്കതയ്യമ്മ വര്‍ഷങ്ങളോളം റവന്യൂ ഓഫിസ് കയറിയിറങ്ങി. എന്നാല്‍ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ പോക്കുവരവ് നടത്തിക്കൊടുക്കാന്‍ തയാറായില്ല. ഏക്കറിന് 8,000 രൂപ വച്ചാണ് ഉദ്യോഗസ്ഥര്‍ കോഴ ആവശ്യപ്പെട്ടത്. നിര്‍ധനയായ സ്ത്രീ, കുടുംബത്തിന്റെ നല്ല ഭാവിക്കു വേണ്ടി വൃക്ക വിറ്റ് പണം കണ്ടെ ത്തുകയായിരുന്നു.