കൈരളി എം.ഡി ജോണ്‍ ബ്രിട്ടാസിനു മുന്നില്‍ വി.എസ് വരുമോ? ആകാംക്ഷയോടെ കേരളം

തിരുവനന്തപുരം: സമീപകാല ചരിത്രത്തില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ കനത്ത വെല്ലുവിളി നേരിടുന്ന സിപിഎം ന്റെ തുറുപ്പുചീട്ടായ വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടി ചാനലായ കൈരളി ടിവിയില്‍ പ്രത്യക്ഷപ്പെടുമോ?

സിപിഎം അണികളിലും അനുഭാവികളിലും മാത്രമല്ല രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത് ‘വ്യത്യസ്തമായ’ ഈ ഒത്തുചേരലിനെയാണ്.

കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്ത് പാര്‍ട്ടിയുമായി പലപ്പോഴും ഇടഞ്ഞിരുന്ന വി എസ്, പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി അടുത്ത ബന്ധമുണ്ടായിരുന്ന വ്യവസായി ഫാരിസ് അബൂബക്കറിനെ ‘വെറുക്കപ്പെട്ടവന്‍’ എന്ന് വിളിച്ചതും പാര്‍ട്ടി ചാനല്‍ വഴി ഫാരിസ് വി എസിന് മറുപടി കൊടുത്തതുമാണ് കൈരളിയുമായി വി എസ് ഇടയാന്‍ കാരണമായിരുന്നത്.

കിഡ്‌നി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട വെട്ടിപ്പുകളും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട ഉയര്‍ന്ന ആരോപണങ്ങളും മുന്‍നിര്‍ത്തിയാണ് ഫാരിസ് അബുബക്കറെ വെറുക്കപ്പെട്ടവന്‍ എന്ന് വിഎസ് വിളിച്ചിരുന്നത്.

ഇതേ തുടര്‍ന്ന് അധികം താമസിയാതെ തന്നെ ആദ്യമായി തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തിന് മറുപടി പറയാന്‍ ഫാരിസ് തിരഞ്ഞെടുത്തതും പാര്‍ട്ടി ചാനല്‍ തന്നെയാണ്. ഇന്റര്‍വ്യൂ നടത്തിയതാവട്ടെ കൈരളി ടിവി ചാനലിന്റെ എംഡി ജോണ്‍ ബ്രിട്ടാസും.

രണ്ട് ഘട്ടങ്ങളിലായി എക്‌സക്ലൂസീവായാണ് കൈരളി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുഖ്യമന്ത്രിയുമായ വിഎസിനെതിരെയുള്ള ഫാരിസിന്റെ പ്രതികരണം സംപ്രേക്ഷണം ചെയ്തിരുന്നത്.

സിപിഎം അണികളില്‍ മാത്രമല്ല രാഷ്ട്രീയ എതിരാളികള്‍ക്കിടയിലും ഈ നടപടി അപ്രതീക്ഷിതമായിരുന്നു.

ജോണ്‍ ബ്രിട്ടാസിന്റെയും കൈരളിയുടെയും നടപടിക്കെതിരെ വിഎസ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തോട് പരാതി പറഞ്ഞിരുന്നെങ്കിലും ഇക്കാര്യത്തില്‍ മറ്റ് തുടര്‍നടപടികള്‍ക്കൊന്നും സിപിഎം നേതൃത്വം കടന്നിരുന്നില്ല.

വിഎസ് പിണറായി പോര് മൂര്‍ച്ഛിച്ചതോടെ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ വിഎസ് എഴുതിയിരുന്ന കോളം തന്നെ നിര്‍ത്തലാക്കിയിരുന്നു.

പിന്നീട് വിഎസിന് അര്‍ഹമായ പരിഗണന പാര്‍ട്ടി ചാനലിന്റെയും പത്രത്തിന്റെയും ഭാഗത്ത് നിന്നുണ്ടായിരുന്നില്ലെന്നതും ഒരു യാഥാര്‍ഥ്യമാണ്.

വിഎസിന്റെ ഇടപെടലുകള്‍ക്ക് വലിയ പ്രാധാന്യം ഇതര മാധ്യമങ്ങള്‍ നല്‍കുമ്പോള്‍ തീരെ പ്രാധാന്യം നല്‍കാതെയായിരുന്നു കൈരളിയും ദേശാഭിമാനിയും ഇതിനോട് പ്രതികരിച്ചിരുന്നത്.

വിഎസിന്റെ പല ‘ഒറ്റയാള്‍’ പോരാട്ടങ്ങളെയും തള്ളി പറഞ്ഞിരുന്ന സിപിഎം നേതൃത്വം പാര്‍ട്ടിയാണ് വ്യക്തിയല്ല പ്രധാനമെന്ന് മാധ്യമങ്ങളെയും ഓര്‍മ്മിപ്പിക്കുകയുണ്ടായി.

പാര്‍ട്ടി പത്രവും ചാനലും വിഎസിനെ അവഗണിച്ചപ്പോള്‍ മറ്റ് കുത്തക മാധ്യമങ്ങള്‍ വിഎസിനെ പിന്തുണച്ച് രംഗത്തുവന്നതും വേറിട്ട കാഴ്ചയായിരുന്നു. ചില ഘട്ടങ്ങളില്‍ കൈരളിക്കെതിരെ പോലും വിഎസ് തുറന്നടിച്ചു.

കഴിഞ്ഞ ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ വിഎസിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി അരുവിക്കര എല്ലാം മാറ്റിമറിച്ചത്.

യുഡിഎഫ് സീറ്റ് നിലനിര്‍ത്തി എന്നതിലല്ല, പാര്‍ട്ടിക്ക് കാലാകാലങ്ങളിലായി ലഭിച്ചുകൊണ്ടിരുന്ന വലിയൊരു ശതമാനം വോട്ട് ബിജെപി സ്ഥാനാര്‍ഥി രാജഗോപാല്‍ നേടിയെടുത്തു എന്നതാണ് സിപിഎം കേന്ദ്രസംസ്ഥാന നേതൃത്വങ്ങളെ ഇരുത്തി ചിന്തിപ്പിച്ചത്.

വിഎസ് പിണറായി ഭിന്നത വോട്ടാക്കി മാറ്റാന്‍ ബിജെപി ‘പാര്‍ട്ടി കത്ത്’ ഉപയോഗപ്പെടുത്തിയതും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇരുനേതാക്കളും ഒരുമിച്ച് വേദി പങ്കിടാത്തതും പൊതുസമൂഹത്തിനിടയില്‍ തെറ്റിധാരണക്കിടയാക്കിയതിനാല്‍ അത് തിരിച്ചടിക്ക് ഒരു പ്രധാന കാരണമായതായാണ് സിപിഎം വിലയിരുത്തുന്നത്.

വിഎസിന്റെ പൊതുയോഗങ്ങളില്‍ കൂടിയ ആള്‍ക്കൂട്ടം വോട്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ചാനല്‍ ചര്‍ച്ചകളില്‍ രാഷ്ട്രീയ നിരീക്ഷകരും എതിര്‍പാര്‍ട്ടിക്കാരും വിഎസിനയും സിപിഎമ്മിനെയും കടന്നാക്രമിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ വിഎസിനെതിരായ സിപിഎം സംഘടനാ നടപടിയെ വോട്ടാക്കി മാറ്റാന്‍ ബിജെപി സ്വീകരിച്ച തന്ത്രപരമായ സമീപനം തന്നെയാണ് പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ച് യുഡിഎഫിന് അരുവിക്കരയില്‍ വിജയിക്കാന്‍ സാഹചര്യമൊരുക്കിയതെന്ന യാഥാര്‍ഥ്യം കോണ്‍ഗ്രസ്സ് നേതൃത്വത്തിനടക്കം മനസ്സിലാക്കിക്കൊടുത്തത് മൂന്നാര്‍ സമരമാണ്.

അനവധി വര്‍ഷങ്ങളായി ദുരിതം അനുഭവിക്കുന്ന മൂന്നാറിലെ തോട്ടം തൊഴിലാളികളായ സ്ത്രീകള്‍ ട്രേഡ് യൂണിയന്‍ ഓഫീസുകള്‍ തല്ലിത്തകര്‍ത്തും രാഷ്ട്രീയക്കാരെ പടിയടച്ച് ‘പിണ്ഡം’ വച്ചും നടത്തിയ മൂന്നാര്‍ സമരവേദിയില്‍ വിഎസ്സിന് മാത്രം ലഭിച്ച സ്വീകാര്യതയാണ് രാഷ്ട്രീയ നേതൃത്വങ്ങളുടെ കണ്ണ് തുറപ്പിച്ചത്.

ഭരണകക്ഷിയെന്നോ പ്രതിപക്ഷമെന്നോ ഭേദമില്ലാതെ രാഷ്ട്രീയക്കാരെ ഒന്നടങ്കം ഓടിച്ചുവിട്ട സ്ത്രീ തൊഴിലാളികള്‍ വന്‍ കരഘോഷത്തോടെയാണ് വിഎസിനെ സ്വാഗതം ചെയ്തത്. പൊതുസമൂഹത്തിനിടയില്‍ അദ്ദേഹത്തിനു മാത്രം ലഭിക്കുന്ന സ്വീകാര്യതയായാണ് ഇത് വിലയിരുത്തപ്പെട്ടത്.

സിപിഎം നേതൃത്വത്തിന്റെ കണ്ണ് തുറപ്പിച്ചതും ഈ സമരം തന്നെയാണ്. ‘ബക്കറ്റിലെ തിരമാലകള്‍ക്ക് സുനാമിയുടെ ഫലമുണ്ടാക്കാന്‍ പറ്റുമെന്ന തിരിച്ചറിവ്.’

സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങളും പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന ജനവിഭാഗങ്ങളിലെ അസംതൃപ്തിയും മുതലെടുക്കാന്‍ എസ്എന്‍ഡിപിയോഗത്തെ കൂട്ടുപിടിച്ച് ബിജെപി കേന്ദ്ര നേതൃത്വം നടത്തിയ ഇടപെടലുകള്‍ വീണ്ടും സിപിഎമ്മിന് വിഎസിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നതായിരുന്നു.

പ്രധാനമന്ത്രിയായും ബിജെപി അഖിലേന്ത്യാ പ്രസിഡന്റുമായും ചര്‍ച്ചനടത്തി പിന്നോക്ക വിഭാഗങ്ങള്‍ക്കായി പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ച് ബിജെപി മുന്നണിയായി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങിയ എസ്എന്‍ഡിപി യോഗത്തെ ആക്രമിച്ച് പ്രതിരോധത്തിലാക്കിയത് 93 കാരനായ ഈ വിപ്ലവകാരിയുടെ ഇടപെടലായിരുന്നു.

പൊതുസമൂഹത്തിനിടയില്‍ വെള്ളാപ്പള്ളിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് വിഎസ് ഉയര്‍ത്തിയ അഴിമതി ആരോപണങ്ങളും ഇതുസംബന്ധമായ തെളിവുകളും വിഎസിനെ ‘മറന്ന’ പാര്‍ട്ടി പത്രത്തിനും ചാനലിനും വളരെ പ്രധാന്യത്തോടുകൂടി തന്നെ കൊടുക്കേണ്ടിവന്നു.

വെള്ളാപ്പള്ളിയുടെ എസ്എന്‍ഡിപി യോഗത്തിലെയും ട്രസ്റ്റിലെയും കുടുംബവാഴ്ചയെ ചോദ്യം ചെയ്തും കോഴക്കണക്ക് വിവരിച്ചും വിഎസ് എഴുതിയ ലേഖനവും ദേശാഭിമാനി വളരെ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ടു ചെയ്തത്.

എസ്എന്‍ഡിപി യോഗം ബിജെപി കൂട്ടുകെട്ടിനെ തകര്‍ക്കാന്‍ വിഎസിനോളം വരുന്ന മറ്റൊരു ആയുധമില്ലെന്ന് സിപിഎം നേതൃത്വത്തിന് ഇപ്പോള്‍ ശരിക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഭിന്നാഭിപ്രായങ്ങള്‍ മാറ്റിവച്ച് പൊതുശത്രുവിനെതിരെ ഇപ്പോള്‍ എല്ലാ കമ്മ്യൂണിസ്റ്റുകളും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുന്നത്.

വിഎസിനെ ശിഖണ്ഡിയോട് ഉപമിച്ച വെള്ളാപ്പള്ളിക്ക് മുന്നറിയിപ്പ് നല്‍കിയത് സാക്ഷാല്‍ പിണറായി വിജയനാണൈന്നതും ശ്രദ്ധേയമാണ്.

പൊതു സമൂഹത്തിന് പ്രത്യേകിച്ച് പിന്നോക്ക ജനവിഭാഗങ്ങള്‍ക്കിടയില്‍ വിഎസിനുള്ള സ്വാധീനം പുതിയ രാഷ്ട്രീയ വെല്ലുവിളികളെ അതിജീവിക്കാന്‍ പരമാവധി ഉപയോഗപ്പെടുത്താനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം. പാര്‍ട്ടി ചാനലില്‍ വിഎസ്സിന്റെ ഒരു വിശദമായ ഇന്റര്‍വ്യൂ തരപ്പെടുത്താന്‍ നീക്കം നടക്കുന്നതും അതുകൊണ്ടുതന്നെയാണ്.

പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍പോലും ജോണ്‍ബ്രിട്ടാസിന് മുന്നില്‍ വിഎസ് ഇനി ഇരിക്കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ അണിയറയില്‍ നിന്നുയര്‍ന്ന് വരുന്നത്.

തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി വിഎസിന്റെ ആദ്യ ഇന്റര്‍വ്യൂവിനായി ചാനലുകള്‍ പരസ്പരം മത്സരിക്കുമ്പോള്‍ പാര്‍ട്ടി ചാനലിന് നറുക്കു വീഴുമോ എന്നാണ് മാധ്യമലോകം ഉറ്റുനോക്കുന്നത്.

Top